നളന്ദ: ബീഹാറില്‍ ഗ്രാമമുഖ്യന്‍റെ വീട്ടിലെ കതകില്‍ മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് നാട്ടുകൂട്ടത്തിന്‍റെ പ്രാകൃത ശിക്ഷ. നളന്ദയിലെ മഹേഷ് ഠാക്കൂര്‍ എന്ന 54 കാരനാണ് പ്രാകൃത ശിക്ഷയ്ക്ക് വിധേയനായത്. നിലത്ത് തുപ്പിയതിന് ശേഷം അത് നക്കി തുടയ്ക്കാന്‍ പ്രേരിപ്പിക്കുകയും സ്ത്രീകള്‍ ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്തു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മണ്ഡലത്തിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടി ഗ്രാമത്തലവന്‍റെ വീട്ടിലെത്തിയതായിരുന്നു മഹേഷ്. ഗ്രാമത്തലവന്‍റെ വീട്ടിലെത്തിയ മഹേഷ് കതകില്‍ മുട്ടാതെ അകത്ത് കയറി എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു കടുത്ത ശിക്ഷ.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച കേന്ദ്രമന്ത്രി നന്ദകിഷോര്‍ യാദവ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വസിക്കണമെന്നും അങ്ങനെയെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട മഹേഷ് അജെയ്പൂര്‍ ഗ്രാമത്തില്‍ ഒരു കട നടത്തുകയാണ്.

