താൻ മുതിര്‍ന്നൊരു യുവാവാണെന്നും സാമ്പത്തികമായി സ്ഥിരത കൈവരിച്ചിരിക്കുകയാണെന്നും അതിനാൽ തന്റെ അമ്മയ്ക്കായി താൻ ഇത് ചെയ്യേണ്ടതാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദ്: വിവാഹമോചിതയായി 23 വർഷം തന്നെ നോക്കിയ അമ്മയുടെ വിവാഹം വർഷങ്ങൾക്കിപ്പുറം നടത്തി കൈയ്യടി നേടുകയാണ് ഒരു മകൻ. പാകിസ്താനിലെ കറാച്ചി സ്വദേശിയായ ജിഎം എന്ന യുവാവാണ് അമ്മയുടെ വിവാഹം നടത്തിയത്. താൻ അമ്മയുടെ വിവാഹം നടത്തിയെന്ന വിവരം ട്വിറ്ററിലൂടെയാണ് യുവാവ് ആളുകളെ അറിയിച്ചത്.
അമ്മ വിവാഹബന്ധം വേർപ്പെടുത്തിയിട്ട് 23 വർഷമായെന്നും ഈ കഴിഞ്ഞ വെള്ളിയാഴ്ച താൻ അമ്മയുടെ വിവാഹം നടത്തിയെന്നും യുവാവ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. താൻ മുതിര്‍ന്നൊരു യുവാവാണെന്നും സാമ്പത്തികമായി സ്ഥിരത കൈവരിച്ചിരിക്കുകയാണെന്നും അതിനാൽ അമ്മയ്ക്കായി താൻ ഇത് ചെയ്യേണ്ടതാണെന്നും യുവാവ് കൂട്ടിച്ചേർത്തു. ആളുകളോട് അമ്മയ്ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹവും നൽകാനും യുവാവ് ആവശ്യപ്പെടുന്നുണ്ട്.
യുവാവിന്റെ തീരുമാനത്തെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഞങ്ങൾക്ക് താങ്കളെ അറിയില്ലെന്നും എന്നാൽ താങ്കൾ ഈ വർഷത്തെ മികച്ച മകനുള്ള അവാർഡിന് അർഹനായിരിക്കുകയാണെന്നും ആളുകൾ യുവാവിന്റെ ട്വീറ്റിന് റീട്വീറ്റായി കുറിച്ചു.
