കാസര്‍കോട്: ആണ്‍മക്കളില്ലാത്ത ദുഖത്തില്‍ കഴിയുന്ന കര്‍ണാടക സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടകയില്‍ നിന്നെത്തിയ ആള്‍ അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ സമ്മാനിച്ചു. നിയമപ്രകാരമല്ലാതെ കുട്ടിയെ കൈമാറിയതില്‍ പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്താണ് സംഭവം. ബോവിക്കാനത്ത് വാടക വീട്ടില്‍ താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികള്‍ക്കാണ് മടിക്കേരിയില്‍ നിന്ന് എത്തിയ ഒരാള്‍ ആണ്‍കുഞ്ഞിനെ സമ്മാനിച്ചത്.

മൂന്ന് പെണ്‍മക്കളുള്ള ദമ്പതികൾക്ക് ആണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു . ഇതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം മടിക്കേരിയില്‍ നിന്ന് ഒരാള്‍ ബോവിക്കാനത്തെത്തുകയും നവജാത ശിശുവിനെ കൈമാറുകയും ചെയ്തത്. ഇതിനു ശേഷം ആള്‍ തിരിച്ചുപോവുകയും ചെയ്തു. എന്നാൽദമ്പതികളുടെ താമസസ്ഥലത്ത് നവജാത ശിശുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ആദൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി വീട്ടില്‍ പരിശോധന നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്നുമാണ് കുഞ്ഞിനെ കൊണ്ടു വന്നതെന്നു ദമ്പതിമാർ പോലീസിനോട് വെളിപ്പെടുത്തി. പണമൊന്നും വാങ്ങിയില്ലെന്നും ഒഴിവാക്കപ്പെടുന്ന കുഞ്ഞിനെ വളര്‍ത്താമെന്ന ആഗ്രഹത്തിലാണ് സ്വീകരിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഇതിനു വേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാത്തതിനാല്‍ പൊലീസ് കുഞ്ഞിനെ കസ്റ്റഡിയില്‍ വാങ്ങുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ നഴ്സുമാരുടെ പരിചരണത്തിലാണ്. 

സംഭവത്തില്‍ കുഞ്ഞിനെ വാങ്ങിയ ഫരീദ എന്ന സ്ത്രീ ക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു കുഞ്ഞിനെ വാങ്ങിയ ഫരീദ എന്ന സ്ത്രീ കർണ്ണാടക മടിക്കേരിയിലെ നാക് പോക്ക് എന്നസ്ഥലത്തുള്ളവരാണ്. അവിടെയുള്ള സാദി എന്ന സ്ത്രീയാണ് ഇവർക്ക് കുഞ്ഞിനെ നൽകിയത്. ഇതുസംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും യഥാർത്ഥ വസ്തുത കണ്ടെത്തുമെന്നും ആദൂർ സി.ഐ.എം.എ.മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.