പഞ്ചാബ്-ഹരിയാന ഹെെക്കോടതിയിലെ അഭിഭാഷകനാണ് നാണയങ്ങള്‍ നല്‍കിയത്

ചണ്ഡീഗഡ്: തുക എണ്ണി തീര്‍ക്കാന്‍ സാധിക്കാതെ വന്നതോട ജീവനാംശം സംബന്ധിച്ച കേസ് കോടതി നീട്ടിവെച്ചു. ഭാര്യക്ക് നല്‍കേണ്ട 25,000 രൂപയില്‍ 24,600 രൂപയും ഭര്‍ത്താവ് ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങളe/f നല്‍കിയതോടെയാണ് എണ്ണി തീര്‍ക്കാന്‍ സാധിക്കാതെ വന്നത്. പഞ്ചാബ്-ഹരിയാന ഹെെക്കോടതിയില്‍ അഭിഭാഷകനും ഭാര്യയും വിവാഹ മോചനത്തിന് അപേക്ഷ നല്‍കുന്നത് 2015ലാണ്.

25,000 രൂപ മാസം ഭാര്യക്ക് നല്‍കാന്‍ കോടതി കേസില്‍ വിധിച്ചു. പക്ഷേ, അത് ലഭിക്കാതിരുന്നതോടെ ഭാര്യ ഹെെക്കോടതിയിലേക്ക് കേസുമായി പോയി. രണ്ടു മാസത്തെ ജീവനാംശം മുടങ്ങിയതോടെ 50,000 രൂപ മുന്‍ ഭാര്യക്ക് നല്‍കണമെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. പണം ഇല്ലെന്നുള്ള അഭിഭാഷകന്‍റെ വാദം അംഗീകരിക്കാന്‍ മുന്‍ ഭാര്യ തയാറുമായില്ല. ഇതോടെയാണ് ചില്ലറ നാണയങ്ങള്‍ നല്‍കി അഭിഭാഷകന്‍ പണി കൊടുത്തത്.

തനിക്ക് പണത്തിന് ആവശ്യങ്ങളേറെയുണ്ടെന്ന് കോടതി കേസ് നീട്ടിവെച്ചതിന് ശേഷം അവര്‍ പ്രതികരിച്ചു. ഒരുപാട് തവണ കോടതിയില്‍ കേസ് പറഞ്ഞതിന് ശേഷമാണ് പണം നല്‍കാന്‍ അദ്ദേഹം തയാറായത്. പക്ഷേ, ഇപ്പോള്‍ നാണയങ്ങള്‍ നല്‍കിയിരിക്കുന്നു. ഇത് കൊണ്ട് എന്ത് ചെയ്യാനാകും. ഒരു ബാങ്കും ഇത് സ്വീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, നോട്ടുകള്‍ തന്നെ നല്‍കണമെന്ന് നിര്‍ദേശങ്ങളില്ലെന്നാണ് അഭിഭാഷകന്‍റെ വാദം. എന്തായാലും 24,600ന് ശേഷമുള്ള 400 രൂപ 100ന്‍റെ നാലു നോട്ടുകളാണ് അഭിഭാഷകന്‍ നല്‍കിയത്.