റായ്പൂര്‍: ഉറക്കത്തിന് വിഘാതം സൃഷ്ടിച്ച സഹോദരനെ വെട്ടിനുറുക്കി മധ്യവയസ്‌കന്‍റെ പ്രതികാരം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന തന്നെ ശല്യപ്പെടുത്തുകയും കളിയാക്കുകയും ചെയ്ത സഹോദരന്‍ ചിന്തുറാമിനെ(45)യാണ് സുരേഷ് കുമാര്‍ (40) വെട്ടിനുറുക്കിയത്. 

വീടിനു പുറത്തേക്ക് ചിന്തുറാമിനെ വലിച്ചിഴച്ച ശേഷമായിരുന്നു ഈ ക്രൂരകൃത്യം. പല കഷണങ്ങളായി സഹോദരനെ സുരേഷ് കുമാര്‍ വെട്ടിമുറിച്ചു. വീടിനു സമീപത്തുള്ള ഒരു വൈദ്യൂതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ആദ്യം കൈകള്‍ വെട്ടിമാറ്റി. പിന്നീട് കോടാലി കൊണ്ട് തലയും മുറിച്ചു. ദേഷ്യം അടങ്ങിയപ്പോള്‍ ചോര ഒലിപ്പിക്കുന്ന കോടാലിയുമായി സുരേഷ് കുമാര്‍ മാങ്ചൗവ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഏറ്റുമുട്ടലിനിടെ സുരേഷിന്റെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. 

സുരേഷ്‌കുമാറിനെ കളിയാക്കി പലപ്പോഴും ചിന്തുറാം വലിയ ശബ്ദത്തില്‍ പാട്ടുപാടാറുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു. ഇവരും തമ്മില്‍ വഴക്കുംപതിവായിരുന്നു. സംഭവ ദിവസവും പതിവുപോലെ ഉറങ്ങിക്കിടന്ന സുരേഷിനെ പരിഹസിച്ച് പാട്ടുപാടി.

 ഇതേചൊല്ലി ഇരുവരും വഴക്കായി. സുരേഷിനെ വെട്ടാന്‍ ചിന്തുറാം കോടാലിയുമായി എത്തിയെങ്കിലും സുരേഷ് അത് പിടിച്ചെടുത്തു ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ നാട്ടുകാരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു.