ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത കള്ളന്‍ എല്‍സിഡി ടെലിവിഷനും കൊണ്ട് കടന്നുകളഞ്ഞു. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് കൈമാറി. ഇയാള്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പറും വ്യാജമാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് വലിയ പെട്ടിയുമായി ഒരു യുവാവ് സ്വകാര്യ ഹോട്ടലില്‍ മുറി ആവശ്യപ്പെട്ടെത്തിയത്. റിസപ്ഷനിലെത്തി കാര്യങ്ങള്‍ തിരക്കിയ യുവാവ് മുറികള്‍ കാണാന്‍ പോയി തിരിച്ചു വന്നു. അഞ്ഞൂറ് രൂപ അഡ്വാന്‍സ് കൊടുത്ത് ആറുമണിക്ക് മുറിയെടുത്തു. അരമണിക്കൂര്‍ കഴിഞ്ഞ് അതേ പെട്ടിയുമായി പുറത്തിറങ്ങി. രണ്ട് മൂന്ന് സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ഈ പെട്ടി കൊടുക്കണമെന്നും പത്തുമിനിറ്റിനകം തിരിച്ചുവരാമെന്നും പറഞ്ഞിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്ന് നോക്കിയപ്പോള്‍ ടെലിവിഷന്‍ കാണാനില്ല. ഈ യുവാവിന് മുറി കൈമാറുമ്പോള്‍ മുറിയില്‍ ടിവി ഉണ്ടായിരുന്നുവെന്നും ഈ സിസിടിവിയില്‍ കാണുന്നയാള്‍ തന്നെയാണ് മോഷ്ടിച്ചതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

രാജേന്ദ്രന്‍ എന്ന പേരാണ് ഇയാള്‍ ഹോട്ടലില്‍ നല്‍കിയത്. കൊച്ചിയാണ് വിലാസം. എന്നാല്‍ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറും തെറ്റാണ്. സമാനമായ മോഷണങ്ങള്‍ നേരത്തെയും ഇയാള്‍ നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.