കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ബിഎസ്എൻഎൽ ജീവനക്കാരൻ അറസ്റ്റിൽ. ആലുവ സ്വദേശി സൈനുദ്ദീൻ ആണ് അറസ്റ്റിലായത്.എമിഗ്രേഷൻ വിഭാഗത്തിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

മനോജ്, റഷീദ് എന്നിവർക്കൊപ്പം ചേർന്നാണ് സൈനുദ്ദീൻ തട്ടിപ്പ് നടത്തിയത്.വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.ജോലിക്കായി എത്തുന്നവരുമായി വിമാനത്താവളത്തിലെ ഹോട്ടലിൽ വച്ച് സൈനുദ്ദീനും പങ്കാളികളും അഭിമുഖവും നടത്തി. ഇത് ശ്രദ്ധയിൽപെട്ട ചിലർ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് പുറത്തായത്.

അഭിമുഖത്തിന് ശേഷം ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നായി ഇവർ പണം കൈപ്പറ്റിയത്. എത്ര പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി പൊലീസ് അന്വേഷിച്ച് വരികയാണ്.സൈനുദ്ദിനെ പിടികൂടാനായെങ്കിലും പങ്കാളികളായ മനോജ്, റഷീദ് എന്നിവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഉർജിതമാക്കി.