പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടികളെ ആക്രമിയ്ക്കുന്ന സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ തുടര്‍ക്കഥയാവുകയാണ്. കോയമ്പത്തൂരിലെ ഒരു സ്വകാര്യസര്‍വകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയെയാണ് തേനി സ്വദേശിയായ യുവാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് തേനി സ്വദേശിയായ വെമ്പുരാജ് ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഹൈദരാബാദില്‍ സോഫ്റ്റ്!വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും അവര്‍ക്ക് സമ്മതമായിരുന്നില്ല. പല തവണ ഫോണില്‍ ശല്യം ചെയ്‌തെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഇയാളെ ഫോണില്‍ വിളിച്ച് താക്കീതുചെയ്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടി പഠിയ്ക്കുന്ന കോളേജിലെത്തിയത്. പെണ്‍കുട്ടി സംസാരിയ്ക്കാന്‍ വിസമ്മതിച്ചപ്പോഴാണ് ഇയാള്‍ കൈയില്‍ കരുതിയിരുന്ന കുപ്പിയെടുത്ത് പൊട്ടിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിയ്ക്കാനായി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വെമ്പുരാജിനെ കോയമ്പത്തൂര്‍ ജില്ലാ കോടതി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.