വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലെ ഒരു വീട്ടില്‍ ചീഞ്ഞളിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. രണ്ട് നില വീട്ടില്‍ മാനസിക നില തെറ്റിയ മകനൊപ്പം കഴിഞ്ഞിരുന്ന 75 വയസ്സ് പ്രായമുള്ള വൃദ്ധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ട്. അമ്മ മരിച്ചെന്നറിയാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു മകന്‍. 

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മാനസിക നില തെറ്റിയ മകന് 40 വയസ്സ് പ്രായമുണ്ട്. 

ഈ വര്‍ഷം ഏപ്രിലിലും കൊല്‍ക്കത്തയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. 43 വയസ്സ് പ്രായമുള്ള സുഭബ്രത തന്‍റെ അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷമാണ് അനധികൃതമായി സൂക്ഷിച്ച് വച്ചത്. മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.