താനെ : മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുപത്തെട്ട് വയസായ യുവാവിനെയാണ് പൊലീസുകാര്‍ നോക്കി നില്‍ക്കെ കയ്യും കാലും കെട്ടി തലകീഴായി കെട്ടിത്തൂക്കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വടി കൊണ്ടും മറ്റ് ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ യുവാവ് നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. 

അക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് പട്ടേല്‍, സാഗര്‍ പട്ടേല്‍, ബല്‍റാം ഫുറാദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ എച്ച് എന്‍ ഗരുഡ്, എസ് വി കന്‍ചാവേ എന്നിവര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ക്രൂര മര്‍ദനം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. അക്രമത്തിലേയ്ക്ക് നയിച്ചതിന് പിന്നിലെ കാരണമെന്താണെന്നും വ്യക്തമല്ല.