Asianet News MalayalamAsianet News Malayalam

ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുനേറ്റില്ല; വികലാംഗന് പാകിസ്​ഥാനിയെന്ന് മുദ്രകുത്തി ആക്ഷേപം

Man in wheelchair called Pakistani for sitting during national anthem in Guwahati multiplex
Author
First Published Oct 2, 2017, 10:42 PM IST

ഗുവാഹത്തി: ​തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ച സമയത്ത്​ എഴുന്നേറ്റ് നിന്നില്ലെന്ന​ കാരണത്താൽ സെറിബ്രൽ പാൾസി ബാധിച്ച്​ ജീവിതം വീൽചെയറിലായ ആളെ പാകിസ്​ഥാനിയെന്ന്​ അധിക്ഷേപിച്ചെന്ന് ആരോപണം. ഗുവാഹത്തിയിലെ മൾട്ടിപ്ലക്​സ്​ തിയറ്ററിൽ കുടുംബസമേതം സിനിമ കാണാനെത്തിയ അർമാൻ അലിക്കാണ്​ ഇൗ ദുരനുഭവം.  ശിശു സരോദി എന്ന  സന്നദ്ധ സംഘടനയുടെ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ആണ്​ അർമാൻ അലി. 36ാം വയസിൽ സെറിബ്രൽ പാര്‍സി ബാധിച്ച അലിയുടെ ജീവിതം 2010 മുതൽ വീൽചെയറിലാണ്​.

ദേശീയ ഗാനം ആരംഭിച്ചപ്പോൾ വീൽചെയറിലായിരുന്ന തന്നെ ​ പിറകിൽ സിനിമ കാണാൻ ഇരുന്നയാൾ  പാക്കിസ്​ഥാനി എന്ന്​ അധിക്ഷേപിക്കുകയായിരുന്നുവെന്ന്​ അലി പറയുന്നു. ത​ന്‍റെ മുന്നിൽ ഒരു പാക്കിസ്​ഥാനി ഇരിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരിഹാസം. അലി ശാന്തനായിരിക്കുകയും മറ്റേയാൾ സിനിമ അവസാനിക്കുന്നതിന്​ പത്ത്​ മിനിറ്റ്​ മുമ്പ്​ തിയറ്റർ വിടുകയും ചെയ്​തു.

രാജ്യത്തെ നിലവിലുള്ള സാഹചര്യം കാരണം അയാളുമായി തർക്കത്തിന്​ പോയില്ല. ജനക്കൂട്ടം കൈയേറ്റം നടത്തി ശിക്ഷ വിധിക്കുന്ന കാലത്ത്​ ചെറിയ പ്രകോപനം പോലും തനിക്കെതിരെ തിരിയാൻ ഇടയാക്കും. പ്രത്യേകിച്ചും താൻ ഒരു മുസ്​ലിമാണെന്ന്​ അറിഞ്ഞാൽ, അലി പറയുന്നു. എന്നാൽ തനിക്കുണ്ടായ അനുഭവം അലി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുപറയുകയും അത്​ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്​തു. 

വടക്ക്​ കിഴക്കൻ മേഖലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന്​ സജീവമായി പ്രവർത്തിക്കുന്നയാളാണ്​ അലി. തിയറ്ററിൽ  ദേശീയഗാനത്തിന്​ എഴുന്നേറ്റ്​ നിൽക്കണമെന്ന്​ കഴിഞ്ഞ നവംബറിലാണ്​ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്​. വൈകല്യമുള്ളവരെ എഴുന്നേറ്റ്​ നിൽക്കുന്നതിൽ ഒഴിവാക്കി കോടതി ഉത്തരവ്​ പിന്നീട്​ ​മാറ്റം വരുത്തിയിരുന്നു. സർക്കാർ ഇറക്കിയ മാർഗരേഖയിലും ദേശീയ ഗാനസമയത്ത്​ വൈകല്യമുള്ളവർ പരമാവധി ശ്രദ്ധയോടെ നിലവിലുള്ള അവസ്​ഥയിൽ തുടർന്നാൽ മതിയെന്ന്​ വ്യക്​തമാക്കിയിരുന്നു. 

 

 

Follow Us:
Download App:
  • android
  • ios