ബോധപൂര്‍വ്വം എച്ച് ഐ വി പകര്‍ത്താന്‍ ശ്രമിച്ചു യുവാവിന് 50 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: ബോധപൂര്‍വ്വം മറ്റുള്ളവര്‍ക്കും എച്ച് ഐ വി പകര്‍ത്താന്‍ ശ്രമിച്ച 25 കാരന് 50 വര്‍ഷം തടവ് വിധിച്ച് അമേരിക്കന്‍ കോടതി. വൈറസ് മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിച്ച സ്റ്റീഫന്‍ കോച്ചിനെയാണ് അമേരിക്കയിലെ അര്‍ക്കന്‍സാസില്‍ കോടതി 50 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഒരാഴ്ച മുമ്പ് പിടിയിലായ ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 

തനിക്ക് എച്ച്ഐവി വൈറസ് ബാധ ഉണ്ടായിട്ടും ഇത് മറച്ച് വച്ച് ഡേറ്റ് ചെയ്യുകയായിരുന്നു ഇയാള്‍. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, മയക്കുമരുന്ന് കൈകാരിയം ചെയ്തു എന്നീ കേസുകളിലും ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 

ആര്‍ക്കെങ്കിലും ബോധപൂര്‍വ്വം വൈറസ് പകര്‍ത്താന്‍ ശ്രമിച്ചിരുന്നോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ഇയാള്‍ മറുപടി നല്‍കി. മറ്റുള്ളവര്‍ക്കും അസുഖം പകര്‍ത്തുകയെന്നത് ആയിരുന്നു ഉദ്ദേശമെന്നും കോച്ച് പറഞ്ഞു. 50 വര്‍ഷം തടവ് ശിക്ഷ കൂടാതെ ലൈംഗിക കുറ്റം കൂടി ഇയാള്‍ക്കെതിരെ ചുമത്തി. ഇതോടെ ജയിലില്‍ ലൈംഗിക കുറ്റവാളികള്‍ക്ക് നല്‍കുന്ന പരിചരണ പരിപാടിയില്‍ ഇയാളെ ഉള്‍പ്പെടുത്തും. 

ആദ്യഘട്ടത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്തുവെന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് ഇയാള്‍ 'ചൈല്‍ഡ് പോണ്‍' കാണുന്നുണ്ടെന്നും എച്ച് ഐ വി പകര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളില്‍ നിന്നാണ് കോച്ച് എച്ച് ഐ വി മറ്റുള്ളവര്‍ക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായത്.