വാറങ്കല്‍: തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കാന്‍ അറിയാത്ത ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി. തെലങ്കാനയിലെ വാറങ്കല്ലില്‍ ആണ് സംഭവം.
രാജേന്ദ്രപ്രസാദ് എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് ഭാര്യയായ മാനസയെ ബിരിയാണി പാചകം ചെയ്തു കൊടുക്കാത്തതിന് വീട്ടില്‍ നിന്നും പുറത്താക്കിയത്. ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാനസ വീട്ടിന് മുന്‍പില്‍ സത്യാഗ്രഹം ഇരുന്നെങ്കിലും ബിരിയാണി ഉണ്ടാക്കാന്‍ അറിയാത്ത ഭാര്യയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു രാജേന്ദ്രപ്രസാദ്.
തുടര്‍ന്ന് പ്രദേശവാസികളായ ചില സ്ത്രീകളും വനിതാ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് മാനസയെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തിച്ചു. രാജേന്ദ്രപ്രസാദ് കടുത്ത മദ്യപാനിയാണെന്നും ദിവസവും ബിരിയാണി ആവശ്യപ്പെടാറുണ്ടെന്നും മാനസ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പക്ഷേ തനിക്ക് പാചകം അത്രയ്ക്ക് പിടിയില്ലാത്തതിനാല്‍ ഭര്‍ത്താവിന് തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബിരിയാണി ഉണ്ടാക്കി കൊടുക്കാന്‍ സാധിക്കാറില്ല. ഇതിന്റെ പേരില്‍ വലിയ അപമാനമാണ് തനിക്ക് സഹിക്കേണ്ടി വന്നിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മാനസയും രാജേന്ദ്രപ്രസാദും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയിലാണ് ബിരിയാണിയുടെ പേരും പറഞ്ഞു മാനസയെ രാജേന്ദ്രപ്രസാദ് ആദ്യം വീട്ടില്‍ നിന്നും പുറത്താക്കിയത്. പിന്നീട് കഴിഞ്ഞ ജൂലൈയില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും മാനസയെ വീണ്ടും രാജേന്ദ്രപ്രസാദിന്റെ വീട്ടിലേക്ക് വിടുകയും ചെയ്തു.
പക്ഷേ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേന്ദ്രപ്രസാദ് വീണ്ടും ബിരിയാണി ആവശ്യപ്പെട്ടതോടെ ദമ്പതികള്‍ തമ്മില്‍ കലഹമാരംഭിക്കുകയും ഒടുവില്‍ മാനസയെ രാജേന്ദ്രപ്രസാദ് വീട്ടില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.
ബിരിയാണി ഉണ്ടാക്കി കൊടുക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ കൊടിയ മര്‍ദ്ദനവും അപമാനവുമാണ് തനിക്ക് സഹിക്കേണ്ടി വന്നതെന്നും സ്ത്രീധനം ചോദിച്ചും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ മാനസ പറയുന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് രാജേന്ദ്രപ്രസാദിനേയും കുടുംബത്തേയും വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവും കുടുംബവും തുടര്‍ന്നും മാനസയെ അപമാനിച്ചു സംസാരിക്കുകയാണ് ചെയ്തത്. ഇതോടെ നിലപാട് കടുപ്പിച്ച പോലീസ് ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധനനിയമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
