ചിക്കാഗോ: യു ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കാമുകന്‍ മരിച്ചു. സംഭവത്തില്‍ കാമുകി കുറ്റക്കാരിയാണെന്ന് കോടതി. രണ്ടാം ഗ്രേഡ് കൊലപാതകകുറ്റം ചുമത്തിയിരിക്കുന്ന ഇവര്‍ക്ക് കുറഞ്ഞത് ആറു മാസം തടവുശിക്ഷയും കോടതി വിധിച്ചു.

അമേരിക്കയിലെ മിനിസോട്ടയിലാണ് സംഭവം നടന്നത്. പെഡ്രോ റൂയിസ് (22) ആണ് ജൂണില്‍ വെടിയേറ്റു മരിച്ചത്. തോക്ക് ഉപയോഗിച്ചത് കാമുകിയും രണ്ടു കുട്ടികളുടെ അമ്മയുമായ മൊണാലിസ പെരെസ് ആയിരുന്നു. ഇവരുടെ യു ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഷൂട്ടു ചെയ്യുകയായിരുന്നു ഇരുവരും.

ഒരു പിസ്റ്റളില്‍ നിന്നും പാഞ്ഞുവരുന്ന വെടിയുണ്ടയെ കട്ടിയുള്ള ബുക്കുകൊണ്ട് തടഞ്ഞുനിര്‍ത്തുന്ന സാഹസിക പ്രകടനമാണ് ഇരുവരും ഷൂട്ട് ചെയ്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വെടിയുണ്ട ബുക്കും തുളച്ച് റൂയിസിന്റെ നെഞ്ചിലാണ് പതിച്ചത്. റൂറിസ് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. 

ഇവരുടെ വീഡിയോ കാമറയില്‍ നിന്നും തൊട്ടടുത്ത് നിന്ന് പെരെസ് ബുക്കിലേക്ക് നിറയൊഴിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സാഹസിക പ്രകടനത്തിന്റെ ആശയം തന്റേതല്ല, അവന്റേതായിരുന്നുവെന്ന് പെരെസ് പറഞ്ഞു. 

കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് പെരെസ് അറിയിച്ചു. മൂന്നുമാസം ജയില്‍വാസം അനുഭവിക്കും. അടുത്ത മൂന്നു മാസം വീട്ടുതടവിലുമായിരിക്കും. പെരെസിന് ദീര്‍ഘകാലം തടവുശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുവെങ്കിലും ജഡ്ജി അംഗീകരിച്ചില്ല. ഫെബ്രുവരിയിലാണ് പെരെസിന്റെ ശിക്ഷ ആരംഭിക്കുക.