പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കൊലപ്പെടുത്തി

ബി​ക്കാ​നീ​ർ: പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കൊലപ്പെടുത്തി. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സെ​യ്ഫ് അ​ലി എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ പോ​യ സെ​യ്ഫി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പി​ടി​കൂ​ടു​ക​യും, കാ​റി​ൽ വീ​ട്ടി​ൽ​നി​ന്നു കു​റ​ച്ച് അ​ക​ലെ​യു​ള്ള ക​ർ​നി വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. 

സെ​യ്ഫി​ന്‍റെ ര​ണ്ടു കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ സ​മീ​പ​ത്തെ മ​ലി​ന ജ​ലാ​ശ​യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. രാ​ത്രി​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചെ​ന്ന് ബി​ക്കാ​നീ​ർ പോ​ലീ​സ് പ​റ​ഞ്ഞു. 

യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. പ്ര​ണ​യ​ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​മെ​ന്നാണ് പോ​ലീ​സിന്‍റെ വിശദീകരണം. യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.