സഹപ്രവര്‍ത്തകയെ സ്വന്തമാക്കാന്‍ കൊലപാതകം യുവാവും സുഹൃത്തും പിടിയില്‍

കാലിഫോര്‍ണിയ: സഹപ്രവര്‍ത്തകയെ സ്വന്തമാക്കാന്‍ യുവാവ് അവളുടെ കാമുകനെ കൊന്നു. സാന്‍ഫ്രാന്‍സിസ്കൊ ഇന്‍റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ ജോലിക്കാരിയായ യുവതിയുടെ കാമുകനെയാണ് യുവാവ് കൊലപ്പെടുത്തിയത്. 31 കാരനായ കെവിന്‍ പ്രസാദാണ് കൊലപാതകം നടത്തിയത്. 31കാരനായ മാര്‍ക്ക് മാംഗാകാട്ടിനെയാണ് പ്രസാദ് കൊലപ്പെടുത്തിയത്. 

കെവിന്‍ പല തവണ യുവതിയെ ഡേറ്റിംഗിനായി ക്ഷണിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ആഭരണം നല്‍കിയ കെവിനെ യുവതി തടഞ്ഞു. തനിക്ക് പങ്കാളിയുണ്ടെന്നും വര്‍ഷങ്ങളായുള്ള ഇവരുടെ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുണ്ടെന്നും യുവതി കെവിനെ അറിയിച്ചിരുന്നു. 

എന്നാല്‍ പിന്നീട് ഭീഷണിപ്പെടുത്താനോ മോശം പെരുമാറ്റത്തിനോ കെവിന്ർ മുതിര്‍ന്നിരുന്നില്ലെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ആഴ്ച മാര്‍ക്കിന്‍റെ കാറിനടുത്തേക്ക് ഇയാളെത്തുകയും മാര്‍ക്കിനെ വെടിവയ്ക്കുകയുമായിരുന്നു. മാര്‍ക്കിന് ശത്രുകളില്ല, കുറ്റവാളികളുമായി ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ യുവതി കെവിനെ കുറിച്ചുള്ള സംശയം ഉന്നയിക്കുകയായിരുന്നു. 

ഈ സംശയത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇത് പ്രതി കെവിനാണെന്നതിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു. കേസില്‍ പ്രസാദിനും സഹായിയും സുഹൃത്തുമായ 25കാരന്‍ ഡൊണോവന്‍ മാത്യു റിവേരയ്ക്കും ജീവപര്യന്തമോ മരണശിക്ഷയോ ലഭിച്ചേക്കാം. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.