മുഖത്തേറ്റ അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ ആന്തരീക രക്തസ്രാവം ഉണ്ടായതാണ് മരണത്തിന് കാരണം. മരിച്ചെന്ന് അറിഞ്ഞ ഉടനെ ഫ്ലാറ്റ് വൃത്തിയാക്കി ഇയാൾ സ്വന്തം താമസ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി.  

ദുബായ്: വാക്കുതർക്കത്തിനൊടുവിൽ പെൺ സുഹൃത്തിന്റെ മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിൽ ലെബനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് പതിനെട്ട് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ താൻ മനപൂർവ്വം ചെയ്തതല്ലെന്നും മദ്യലഹരിയിൽ സംഭവിച്ചു പോയതാണെന്നുമാണ് യുവാവിന്റെ മൊഴി. ദുബായിലെ മരീന ഫ്ലാറ്റിൽ വച്ചാണ് സംഭവം. 

മറ്റൊരു എമിറേറ്റിൽ താമസിക്കുന്ന പ്രതി അവധി ദിനത്തിൽ പെൺകുട്ടിയുടെ ഫ്ലാറ്റിൽ എത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും മുഖത്തിടിക്കുകയായിരുന്നു. മുഖത്തേറ്റ അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ ആന്തരീക രക്തസ്രാവം ഉണ്ടായതാണ് മരണത്തിന് കാരണം. മരിച്ചെന്ന് അറിഞ്ഞ ഉടനെ ഫ്ലാറ്റ് വൃത്തിയാക്കി ഇയാൾ സ്വന്തം താമസ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി.

പിറ്റേന്ന് പെൺകുട്ടി ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തി. അപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഫ്ലാറ്റിനുള്ളിൽ വസ്തുക്കൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. രക്തം തളംകെട്ടിക്കിടക്കുന്ന കണ്ടപ്പോഴാണ് പൊലീസിൽ വിവരമറിയിച്ചതെന്ന് സഹപ്രവർത്തകയായ‌ പെൺകുട്ടി പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തുന്ന ഉടൻ തന്നെ യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. മരിച്ച പെൺകുട്ടിയും യുവാവും തമ്മിൽ മുമ്പും പ്രശ്നങ്ങളും വാക്കു തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. പെൺകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.