ചണ്ഡീഗഢ്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അമ്പത് ലക്ഷം രൂപയോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ജോലിക്കാരനെ കൊലപ്പെടുത്തി കാറിനകത്തിട്ട് കത്തിച്ച സംഭവത്തിൽ ചണ്ഡീഗഢ് സ്വദേശി ആകാശ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 18നായിരുന്നു സംഭവം.  

സംഭവം നടന്ന ദിവസം മരുമകൻ രവിയും ആകാശും ചേര്‍ന്ന് വേലക്കാരനായ രാജുവിന് മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തി. തുടര്‍ന്ന് കാറിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം കാര്‍ കത്തിച്ചു. സംഭവത്തിൽ പൊലീസ് അപകട മരണത്തിൽ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ ആകാശ് എന്നയാളുടേതാണെന്നും വാഹനാപകടത്തിൽ ആകാശ് കൊല്ലപ്പെട്ടതായും നെഹാൻ പൊലീസ് ഉറപ്പിക്കുകയായിരുന്നു.   

എന്നാൽ മരണ സർട്ടിഫിക്കറ്റിനായി ആകാശിന്റെ കുടുംബം ധൃതി കൂട്ടിയത് പൊലീസിന് സംശയം ജനിപ്പിച്ചു. ആ സമയത്താണ് ആകാശിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന രാജുവിനെ കാണാനില്ലെന്ന കേസിൽ രാജസ്ഥാൻ പൊലീസ് പഞ്ചാബ് പൊലീസുമായി ബന്ധപ്പെടുന്നത്. ഇതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടാകുകയായിരുന്നു. 

ഡിസംബർ മൂന്നിന് കേസുമായി ബന്ധപ്പെട്ട് രവിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി രവിയെ അഞ്ച് ദിവസത്തേക്ക് റിമാൻ‍ഡ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. 
കൊലപാതകത്തിനുശേഷം നേപ്പാളിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ആകാശിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.