ലക്നൗ: വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവതിയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. എഞ്ചിനിയറിംഗ് ബിരുദധാരിയായ അങ്കിത് ആണ് 23കാരിയയ ഷീലുവിനെയും സഹോദരി ശിവാനിയെയും കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷര്‍ ജില്ലയിലാണ് സംഭവം. 

ധകോലി സ്വദേശിയായ അങ്കിത് ഷീലുവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ബാഹ്പുരിലെ ഷീലുവിന്‍റെ വീട്ടിലെത്തിയാണ് അങ്കിത് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഷീലു ഇത് നിഷേധിച്ചു. തുടര്‍ന്ന് ഷീലുവിനെ അങ്കിത് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഷീലുവിന്‍റെ കൊലപാതകം കണ്ടുവന്ന ശിവാനിയെയും ഇയാള്‍ കൊന്നു. മോട്ടോര്‍സൈക്കിളിന്‍റെ ക്ലച്ച് വയര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. 

ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മോട്ടോര്‍സൈക്കിളില്‍നിന്ന് പെട്രോളെടുത്ത് ഇരു മൃതദേഹങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അങ്കിത് സഹോദരിമാരെ കൊന്നുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.