ശവസംസ്കാരം നടത്തിയത് കാറില്‍ വീഡിയോ വൈറലാകുന്നു

ബെയ്ജിങ്: മരണത്തിന് പോലും വേര്‍പെടുത്താനാവാത്ത മനുഷ്യരെപ്പറ്റിയും വളര്‍ത്ത് മൃഗങ്ങളെക്കുറിച്ചുമുള്ള ധാരാളം വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ടാകും. അത്തരത്തില്‍ മരണത്തിന് പോലും വേര്‍പ്പെടുത്താനാവാത്ത രണ്ടുപേര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അതിലൊരാള്‍ ചൈനീസ് പൗരനും മറ്റേയാള്‍ അദ്ദേഹത്തിന്‍റെ ഹുണ്ടായ് സൊണാറ്റ കാറുമാണ്.

തന്‍റെ മരണത്തിലും ചൈനീസ് പൗരനായ ചീ ഏറെ പ്രിയപ്പെട്ട കാറിനെ കൂടെ കൂട്ടി. മരണപ്പെടുന്നതിന് മുന്നെ തയ്യാറാക്കിയ വില്‍പത്രത്തിലാണ് കൗതുകകരമായ ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിരുന്നത്. 'മരണ ശേഷം എന്നെ എന്‍റെ കാറില്‍ തന്നെ സംസ്കരിക്കണം'. ഒടുവില്‍ ചീയുടെ മരണശേഷം വില്‍പത്രിത്തില്‍ വരെ ആവശ്യപ്പെട്ട ആഗ്രഹം ബന്ധുക്കള്‍ സഫലമാക്കി.

ചീയുടെ ആഗ്രഹപ്രാകാരം മരണ ശേഷം ശവപ്പെട്ടിക്ക് പകരം കാറിനുള്ളില്‍ ഇരുത്തി സംസ്കരിച്ചു. ചൈനയിലെ ഹെബയ് പ്രവശ്യയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചീയെ അദ്ദേഹത്തിന്‍റെ സൊണാറ്റ കാറിനുള്ളില്‍ ഇരുത്തി ക്രെയിനുപയോഗിച്ച് സംസ്കരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രേദേശവാസിയായ ചൈനീസ് പൗരന്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.