കണ്ണൂർ: ഇരിക്കൂർ ബ്ലാത്തൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി സോദേവ് റോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിക്കൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നു വൈകുന്നേരത്തോടെയാണ് അസാം സ്വദേശിയായ സോദേവ് റോയിയെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. സോദേവ് റോയി ഉൾപ്പെടേ എട്ടു പേർ ചെങ്കല് പണിക്കു വേണ്ടിയാണ് ബ്ലാത്തൂരിൽ എത്തിയത്. ബ്ലാത്തൂർ ടൗണിനു സമീപം വീട് വാടകക്ക് എടുത്തു താമസിച്ച് വരികയായിരുന്നു ഇവർ.
രാവിലെ പണിക്കു പോകുമ്പോൾ സോദേവ് മുറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും വൈകിട്ട് പണി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് കൂടിയുള്ള തൊഴിലാളികൾ നൽകിയ മൊഴി.
കഴുത്തറുത്ത് മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. കൊലപാതകം തന്നെയെന്നാണ് പ്രാഥമിക നിഗമനം.ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്ക്വസ്റ്റ് നടത്തി. ഇരിക്കൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
