കൊലപാതകത്തിന് ശേഷം ഇന്ന് രാവിലെയോടെ ഇയാള്‍ കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ദില്ലി കമല മാര്‍ക്കറ്റ് ഭാഗത്താണ് സംഭവം. കൊലപാതകത്തിന് ശേഷം ഇന്ന് രാവിലെയോടെ ഇയാള്‍ കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

കമല മാര്‍ക്കറ്റ് ഭാഗത്തുള്ള ഫ്ലാറ്റിന്‍റെ രണ്ടാം നിലയില്‍ തന്റെ ഭാര്യയുടെ മൃതദേഹമുണ്ടെന്നാണ് കമില്‍ (23) പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. തുടര്‍ന്ന് ഫ്ലാറ്റിലെത്തി പൊലീസ് പരിശോധിച്ചപ്പോള്‍ കമിലിന്‍റെ ഭാര്യ രേഷ്മ (22)യുടെ മൃതദേഹം ലഭിച്ചതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ പൊലീസിന് വ്യക്തമായത്. കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യണോ അതോ തന്‍റെ കുറ്റകൃത്യം പൊലീസിനെ അറിയിക്കണോ എന്ന സംശയത്തിലായിരുന്നു പ്രതി. രണ്ട് ആണുങ്ങളുമായി രേഷ്മയുള്ള സൗഹൃദം കമിലില്‍ സംശയമുണ്ടാക്കി.

ഇതോടെ വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രേഷ്മയെ മര്‍ദിച്ച കമില്‍ പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് കമിലും രേഷ്മയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുകയായിരുന്നു കമില്‍.