അധ്യാപികയുടെ തല അറുത്തെടുത്ത് യുവാവ്

ജംഷഡ്പൂര്‍: അധ്യാപികയുടെ തല അറുത്തെടുത്ത മാനസ്സിക വെല്ലുവിളി നേരിടുന്ന യുവാവ് പൊലീസ് പിടിയില്‍. ജാര്‍ഖണ്ഡിലെ സെരയ്കെല - ഖരസ്വാന്‍ ജില്ലയിലെ ഖപ്രസായി പ്രൈമറി സ്കൂളില്‍ അധ്യാപികയായ യുവതിയുടെ തലയാണ് യുവാവ് അറുത്തെടുത്തത്. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി 5 കിലോമീറ്ററോളം കാട്ടിലൂടെ ഓടിയ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

സ്കൂളില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. 26 കാരനായ ഹരി ഹെബ്രാം ആണ് പിടിയിലായത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ രണ്ട് മണിക്കൂറും ഇയാള്‍ അധ്യാപികയുടെ അറുത്തെടുത്ത തലയുമായി ഓടുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി ഇയാളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

സ്കൂളിന് സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഹരി ഉച്ചയോടെ സ്കൂളിലേക്ക് എത്തുകയും മുപ്പതുകാരിയായ സുക്ര ഹെസയെ തന്‍റെ താമസസ്ഥലത്തേക്ക് വലിച്ചുകൊണ്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് വാളുകൊണ്ട് തല അറുത്തുമാറ്റി. സംഭവ സമയത്ത് ആളുകള്‍ കൂടിയിരുന്നെങ്കിലും ഹരിയെ പേടിച്ച് ആരും അയാളെ തടഞ്ഞില്ല. തുടര്‍ന്ന് ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ഹരി കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടിയിലായ ഇയാളെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.