അമ്മയ്ക്കും മകനും മുന്നിലേക്ക് നായയെ അഴിച്ചുവിട്ട് യുവാവ്

ബംഗളുരു: വളര്‍ത്തുനായയെ മലമൂത്രം വിസര്‍ജനത്തിയായി സ്ഥിരമായി തങ്ങളുടെ വീടിന്‍റെ മുറ്റത്ത് കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്ത അമ്മയ്ക്കും മകനും മുന്നിലേക്ക് നായയെ അഴിച്ചുവിട്ട് യുവാവ്. ബംഗളുരുവിലെ കെ ആര്‍ പുരത്താണ് സംഭവം. ജൊനാദന്‍ ഫെര്‍ണാണ്ടസിനും അമ്മ വിജയ ഫ്രാന്‍സിസിനും നേരെയാണ് അയല്‍വാസിയായ അലന്‍ ജെര്‍മന്‍ ഷെപ്പേഡിനെ അഴിച്ചുവിട്ടത്. 

കുതിച്ചെത്തിയ നായ ഇവര്‍ക്ക് മേല്‍ ചാടി വീഴു. വസ്ത്രങ്ങള്‍ വലിച്ച് കീറി. സംഭവത്തില്‍ അമ്മയും മകനും നിലത്ത് വീഴുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജൊനാദന്‍റെ കയ്യില്‍ നായ കടിച്ചു. ഇതിലൂടെ കടന്നുപോയ ആള്‍ ഇരുവരെയും രക്ഷിക്കാന്‍ വടിയുമായി എത്തുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ഇവരെ രക്ഷിച്ചത്. സംഭവത്തില്‍ ജൊനാദന്‍റെ കൈ ഒടിഞ്ഞു. 

അലന്‍റെ വീട്ടില്‍ നാല് വളര്‍ത്ത് നായകളാണുള്ളത്. ഇവയുമായി പുറത്തിറങ്ങുന്ന അലന്‍ കൃത്യമായി നായകളെ തങ്ങളുടെ വീട്ടിന് മുന്നില്‍ കൊണ്ടുവന്നാണ് മലമൂത്ര വിസര്‍ജനം ചെയ്യിക്കുന്നതെന്നും എത്ര പറഞ്ഞിട്ടും ഇത് തുടരുകയായിരുന്നുവെന്നും ജൊനാദനും അമ്മയും പറഞ്ഞു. നായകള്‍ മുറ്റം വൃത്തികേടാക്കുന്നത് കണ്ട് അലന്‍റെ മുത്തശ്ശിയോട് പരാതിപ്പെട്ടെങ്കിലും അവര്‍ തങ്ങളെ അപമാനിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ ജൊനാദന്‍റെ അമ്മ വിജയ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ആവര്‍ത്തിക്കരുതെന്ന് അലന് മുന്നറിയിപ്പ് നല്‍കിയതായി പൊലീസ് വ്യക്തമാക്കി.