കൊച്ചി: എറണാകുളം കോടനാട്ട് ഒന്‍പതുവയസുകാരനായ മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കില്‍ക്കെട്ടി പൊട്ടക്കിണറ്റില്‍ കുഴിച്ചിട്ടു. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് കൊലയെന്നാണ് പിതാവ് ബാബു പൊലീസിനോട് പറഞ്ഞത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാബു കോടനാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 9 വയസുളള മകന്‍ വസുദേവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് ബാബു ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ബാബുവിനേയും കൂട്ടി പൊലീസ് കോടനാട് മീന്‍പാറയിലുളള പൊട്ടക്കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്. 

സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് താന്‍ മരിക്കാന്‍ തീരുമാനിച്ചെന്നും മകന്‍കൂടി ഇനി കഷ്ടപ്പെടേണ്ട എന്ന കരുതി കൊലപ്പെടുത്തിയെന്നുമാണ് ബാബു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൃത്യത്തിന് ശേഷം ആല്‍മഹത്യക്കുളള ധൈര്യം നഷ്ടപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ ബാബുവിനേയും മകന്‍ വസുദേവിനേയും കാണാതായിരുന്നു. ബന്ധുക്കള്‍ പൊലീസിലും പരാതിപ്പെട്ടിരുന്നു. അന്വേഷണം തുടരവേയാണ് ബാബുതന്നെ നേരിട്ടെത്തി കൊലപാതകവിവരം അറിയിച്ചത്.പിതാവ് ബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു.