പയ്യന്നൂര്‍: രണ്ടു മക്കളുടെ മാതാവായ വീട്ടമ്മയോട് മുറചെറുക്കന്‍റെ പ്രതികാരം. വിവാഹമോചിതയായ യുവതിയായ തന്നെ അപമാനിക്കാനായി കരൂതിക്കൂട്ടി മുറച്ചെറുക്കന്‍ ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയെന്നാരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ ഭര്‍ത്താവായും മക്കളുടെ അച്ഛനായും പ്രചാരം നടത്തിയാണ് മുറച്ചെറുക്കന്‍ ബീച്ച് സെല്‍ഫികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. 

പുഞ്ചക്കാട് സ്വദേശിനിയായ യുവതി പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. വിവാഹ മോചിതയായി കഴിയുന്ന പരാതിക്കാരിയുടെ പിതൃസഹോദരിയുടെ മകനെതിരെയാണ് പരാതി. ബഹ്‌റിനില്‍ നിന്ന് നാട്ടിലെത്തിയ മുറച്ചെറുക്കന്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന താനുമായി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞാണ് അടുത്തു കൂടിയതെന്ന് പരാതിയില്‍ പറയുന്നു. 

സൗഹൃദത്തില്‍ യുവാവ് തനിക്കും, കുട്ടികള്‍ക്കുമൊപ്പം ബീച്ചില്‍ പോയപ്പോള്‍ സെല്‍ഫികള്‍ എടുത്തിരുന്നു. ഈ സെല്‍ഫികളാണ് പിന്നീട് പങ്കുവെച്ചതെന്ന് യുവതി പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി തന്റെ കൂടെയാണ് യുവതിയും മക്കളും താമസിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള വ്യാജകഥകളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. 

ഇയാളുടെതായ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പരാതിക്കാരിയെ വിവാഹം കഴിച്ചതായും ഇളയകുട്ടി തന്‍റെതാണെന്ന് പ്രചരിപ്പിച്ചിരുന്നു എന്നും യുവതി പറയുന്നു. മുറച്ചെറുക്കന്‍റെ ശല്യത്തെ തുടര്‍ന്ന് തന്റെ ജോലി നഷ്ടമായി എന്നും, ഇക്കാര്യം ഉള്‍പ്പെടെ എല്ലാം ചൂണ്ടിക്കാട്ടി പോലീസിനു നേരെ പരാതി നല്‍കിയിരുന്നതായും കോടതിക്കു മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്.