തിരുമല: സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് തിരുമല സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച മധ്യവയസ്കന്‍ മരിച്ചു. പശ്ചിമ ഗോദാവരിയിലെ എലൂരു സ്വദേശിയായ 56കാരന്‍ തോട്ട പദ്മനാഭം ഞാറാഴ്ച്ച വൈകീട്ടാണ് മരിച്ചത്. 100 ദിവസം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹൃദ്രോഗിയാണെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടും പദ്നമാഭമിന്റെ ബോധം മറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു.

തിരുപതിയിലെ എസ് വി ഐ എംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുമ്പിലായി ഇദ്ദേഹത്തിന്റെ ബന്ധുക്കളും ജന സട്ടാ പ്രവര്‍ത്തകരും പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടും പദ്മാഭമനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പ്രതിഷേധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.മാര്‍ച്ചിലെ അവസാന വാരമാണ് സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് തിരുമല തിരുപതി ദേവസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ പദ്മനാഭമനെ മര്‍ദിച്ചത്. ക്രൂരമായി പരിക്കേറ്റ പദ്മനാഭമനെ സന്ദര്‍ശിക്കാന്‍ ടിടിഎസ് മാനേജ്മെന്റില്‍ നിന്നും ആരും എത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

എലൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പദ്മനാഭം കുടുംബാംഗങ്ങളോടൊപ്പമാണ് തിരുമലയിലെത്തിയത്. രാത്രി 9.30യോട് അടുത്ത് വൈകുണ്ഡം ക്യൂ കോംപ്ലക്സിനടുത്ത് നില്‍ക്കുകയായിരുന്നു ഇദ്ദേഹം. സ്ത്രീകളുടെ ക്യൂവില്‍ നിന്നു എന്ന് ആരോപിച്ച് രണ്ട് വനിത ഗാര്‍ഡുകളും കോണ്‍സ്റ്റബിളും ചേര്‍ന്ന് പദ്മനാഭമനെ മര്‍ദിച്ചു. ഓടിയെത്തിയ ബന്ധുക്കള്‍ അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ മര്‍ദനം തുടര്‍ന്നു. ഇദ്ദേഹത്തെ പിന്നീട് അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് എസ് വി ഐ എംഎസ് ആശുപത്രിയിലേക്ക് മാറ്റി.