നരേന്ദ്ര മോദിസർക്കാരിന്റെ മൂന്നാം വാർഷിക ആഘോഷത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നേരെ ഗുജറാത്തിൽ വളയേറ്. കടം എഴുതിത്തള്ളാത്തതിലായിരുന്നു കർഷകന്റെ പ്രതിഷേധം. തനിക്ക് തന്ന വളകൾ കർഷന്റെ ഭാര്യയ്ക്ക് സമ്മാനമായി തിരിച്ചുനൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വന്ദേ മാതരം എന്നു ഉറക്കെ വിളിച്ചു കൊണ്ടാണ് അംറേലിയിലെ പരിപാടിയിൽ ഖേതൻ കാശ്വാല എന്നയാൾ മന്ത്രിക്കുനേരെ കുപ്പിവളയെറിഞ്ഞത്. വളയെറിഞ്ഞയാളെ പൊലീസെത്തി പിടികൂടിയപ്പോൾ അയാളെ വെറുതെ വിടാൻ മന്ത്രി ആവശ്യപ്പെട്ടു. വളയെറിയട്ടെ താൻ അത് അദ്ദേഹത്തിന്റെതന്നെ ഭാര്യക്ക് സമ്മാനമായി നൽകുമെന്നും സ്മൃതി ഇറാനി മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കാർഷികകടങ്ങൾ എഴുതി തള്ളാനുള്ള ആവശ്യമുന്നിയിച്ചാണ് മന്ത്രിക്കെതിരെ ഖേതൻ കാശ്വാല വളയെറിഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അയാൾ കോൺഗ്രസ് പ്രവർത്തകനല്ലെന്നും സാധാരണ കർഷകനാണെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രശ്നം ചർച്ചചെയ്യുന്നതിന് പകരം പുരുഷൻമാരെ വിട്ട് സ്ത്രീകളെ ആക്രമിക്കുന്ന മോശം രാഷ്‍ട്രീയമാണ് കോൺഗ്രസിന്റെതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
സ്ഥലത്ത് പ്രതിഷേധിച്ച 25 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മഹാരാഷ്ട്രയിൽ തുടങ്ങിയ കർഷക പ്രക്ഷോഭം ഗുറാത്തിലോട്ടും വ്യാപിക്കുകയാണ്.
