കയറുപയോഗിച്ച് മരത്തില്‍ കെട്ടിയിട്ടാണ് ഇയാളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ബംഗളുരു: കുട്ടിക്കടത്തുകാരനെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. ബംഗളുരുവില്‍ വച്ചാണ് ഒഡീഷ സ്വദേശിയായ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. കയറുപയോഗിച്ച് മരത്തില്‍ കെട്ടിയിട്ടാണ് ഇയാളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ആളുകള്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ ഇയാളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നുണ്ട്. മറ്റു ചിലര്‍ ഇയാള്‍ അഭിനയിക്കുകയാണെന്ന് ആരോപിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്ന് ആരോപിച്ച് ബംഗളുരുവില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് 32 കാരനമായ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.