തെലങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയിലെ സ്വന്തം കൃഷിത്തോട്ടത്തിൽ വച്ചാണ് പുഷ്പലത വിഷം കഴിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരായിരുന്നു റാത്തോഡും പുഷ്പലതയും. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് ഇവര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു.

കർണാടക: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാൻ റാത്തോഡ് റാം എന്ന ആദിവാസി യുവാവ് നടന്നത് മൂന്നു കിലോമീറ്റർ. ഭാര്യയെ തോളിലേറ്റിയായിരുന്നു റാത്തോഡിന്റെ നടത്തം. എന്നാൽ ഭാര്യ പുഷ്പലതയുടെ ജീവൻ രക്ഷിക്കാൻ‌ ആ ചെറുപ്പക്കാരനായില്ല. കഴിഞ്ഞ ദിവസമാണ് ഭാര്യയെ ചുമലിലേറ്റി ഓടുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ വൈറലായത്. തെലങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയിലെ സ്വന്തം കൃഷിത്തോട്ടത്തിൽ വച്ചാണ് പുഷ്പലത വിഷം കഴിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരായിരുന്നു റാത്തോഡും പുഷ്പലതയും. 

അഞ്ചേക്കർ ഭൂമിയിലാണ് ഇവർ പരുത്തി കൃഷി നടത്തിയത്. എന്നാൽ കൃഷി ലാഭമായില്ലെന്ന് മാത്രമല്ല, മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്. ഇതിന്റെ പേരിൽ പുഷ്പലത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. കനത്ത മഴയാണ് ഇവരുടെ കൃഷിക്ക് തിരിച്ചടിയായത്. കൃഷി സ്ഥലത്ത് വച്ചാണ് പുഷ്പലത വിഷം കഴിച്ചത്. കുഴഞ്ഞു വീണ ഇവരെ തോളിലെടുത്ത് അപ്പോൾത്തന്നെ റാത്തോഡ് ഓടുകയായിരുന്നു.

വാഹനം കിട്ടുന്ന സ്ഥലത്തേയ്ക്ക് എത്താൻ ഒരു പുഴ കടന്ന് മൂന്ന് കിലോമീറ്റർ ദൂരം കാൽനടയായി പോകേണ്ടി വന്നിരുന്നു. റോഡിലെത്തി ആദ്യം കിട്ടിയ ഓട്ടോയിൽ ഭാര്യയെ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും പുഷ്പലത മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴി തന്നെ പുഷ്പലത മരിച്ചിരുന്നതായി ഡോക്ടേഴ്സ് റാത്തോഡിനോട് പറഞ്ഞു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.