ജലോര്‍: രാജസ്ഥാനിലെ ചിടല്‍വാനയില്‍ കാറിന് തീപിടിച്ച് ചൊവ്വാഴ്ച രണ്ട് സ്‌ത്രീകള്‍ മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് തന്നെയാണ് കാറിന് തീവെച്ചതെന്ന് കണ്ടെത്തി. ഇയാളുടെ മകനും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
തന്റെ ഭാര്യമാരില്‍ രണ്ടാമത്തെയാളെ കൊല്ലാനായിരുന്നു പദ്ധതിയെന്നും തീപിടിച്ചതോടെ കാര്‍ തുറന്ന് ആദ്യഭാര്യയെ രക്ഷിക്കാന്‍ കഴിയാതെ വന്നതാണെന്നും മൂന്ന് കുട്ടികളുടെ അച്ഛനായ ദീപാറാം പ്രജാപത് പൊലീസിനോട് സമ്മതിച്ചു. മലുയ് ദേവി, ദരിയ ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആദ്യ ഭാര്യ പോരെന്ന് തോന്നിയതോടെയാണ് രണ്ടാമതൊരു വിവാഹം കൂടി കഴിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ടാം ഭാര്യ എപ്പോഴും തന്നോടും ആദ്യ ഭാര്യയോടും കലഹിക്കാന്‍ തുടങ്ങിയതോടെ സഹികെട്ടു. തുടര്‍ന്ന് എങ്ങനെയും രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി പെട്രോളും വാങ്ങി സൂക്ഷിച്ചു. സംഭവ ദിവസം രണ്ട് ഭാര്യമാരെയും കാറില്‍ കയറ്റി ഇയാള്‍ മറ്റൊരിടത്തേക്ക് യാത്ര പോയി. മകനെയും ഒപ്പം കൂട്ടി. കാറില്‍വെച്ചും രണ്ടാം ഭാര്യ വഴക്കുണ്ടാക്കി. ഇതോടെ നിയന്ത്രണം വിട്ട ദീപാറാം വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി കാര്‍ ലോക്ക് ചെയ്ത ശേഷം പെട്രോളൊഴിച്ച് തീ വെച്ചു. കത്തുന്നതിനിടയില്‍ മകനെ ഇയാള്‍ രക്ഷിച്ചു. ആദ്യ ഭാര്യയെയും രക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും വാഹനം തുറക്കാന്‍ കഴിഞ്ഞില്ലെന്ന് ദീപാറാം പൊലീസിനോട് പറഞ്ഞു.
കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. വാഹനം തുറക്കാന്‍ നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. സംഭവത്തില്‍ ഖേദമുണ്ടെന്ന് ദീപാറാം പൊലീസ് കസ്റ്റഡിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭാര്യയെ രക്ഷിക്കാനും താന്‍ പരമാവധി ശ്രമിച്ചു. കാര്യങ്ങള്‍ നേരെയാവുമെന്ന് പ്രതീക്ഷിച്ച് താന്‍ പരമാവധി കാത്തിരുന്നുവെന്നും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
