തൃശൂര്‍: തൃശൂർ പെരിങ്ങോട്ടുകരയിൽ അഞ്ച് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി സുനിൽ കുമാറിനെയാണ് അയ്യന്തോൾ എക്സൈസ് സംഘം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സംഘത്തിലെ പ്രധാനിയായ സുനിൽ കുമാർ എക്സൈസിന്‍റെ പിടിയിലായത്.

ബംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസുകൾ വഴിയും തീവണ്ടി മാർഗവുമാണ് കഞ്ചാവ് ഇയാൾ നാട്ടിലെത്തിക്കുന്നത്. കഞ്ചാവിന്‍റെ മണം പുറത്തുവരാതിരിക്കാൻ പ്ലാസ്റ്റിക് സഞ്ചികൾക്ക് പുറത്ത് സുഗന്ധദ്രവ്യങ്ങൾ പൂശിയാണ് സൂക്ഷിച്ചിരുന്നത്. മാസത്തിൽ ഒരു തവണ മാത്രം കടത്തുന്നതിനാൽ ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്.

കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ് സുനിൽകുമാർ. ഇയാളില്‍ നിന്നു കഞ്ചാവ് സ്ഥിരമായി വാങ്ങാറുള്ള തൃശൂര്‍ സ്വദേശി അരുണ്‍, ബംഗളൂരുവിൽ നിന്ന് കഞ്ചാവ് നൽകുന്ന ആലപ്പുഴ സ്വദേശി ഷെമീർ എന്നിവർക്കെതിരെ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി.