തനിക്ക് 9/11 നെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നുവെന്നാണ് അയാളുടെ വാദം. എന്നാല്‍ ചാവേര്‍ സംഘത്തെ പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയത് സമറാണ്. മുസ്ലീം സമുദായത്തേട് അമേരിക്ക നടത്തിയ ക്രൂരതകളെ കുറിച്ച് ഏറെ പറയാനുമുണ്ട് സമറിന്.  

ന്യൂയോര്‍ക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദിവസങ്ങളിലൊന്നായിരുന്നു അന്ന്. 2001 സെപ്റ്റംബര്‍ 11 ല്‍ തകര്‍ന്നടിഞ്ഞത് വേള്‍ഡ് ട്രേഡ് സെന്‍റര്‍ മാത്രമായിരുന്നില്ല, ഒരു ജനതയുടെ മനസ്സുറപ്പുകൂടിയായിരുന്നു. ആ ആക്രമണ ദൗത്യത്തില്‍ മുഖ്യപങ്കുവഹിച്ച മുഹമ്മദ് ഹയ്ദര്‍ സമര്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയ്ക്ക് സമീപം കുര്‍ദുകളുടെ തടവറയിലാണ് ഇപ്പോള്‍. 

ആരോഗ്യം ക്ഷയിച്ച് വാര്‍ദ്ധക്യത്തോടടുത്തെത്തിയ സമര്‍ സിറിയന്‍ ഡെമോക്രാറ്റിക് സേനയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ശരീരത്തില്‍ മുറിവുകളോടെയാണ് ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് ഓടിപ്പോന്ന സമറിനെ കണ്ടെത്തിയത്. വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഇടിച്ചിറക്കാനായി വിമാനങ്ങള്‍ റാഞ്ചാനും ആ പദ്ധതി നടപ്പിലാക്കാനും അല്‍ഖ്വൈദയ്യ്ക്കായി ചാവേറുകളെ കണ്ടെത്തി നല്‍കിയത് സമര്‍ ആയിരുന്നു. 

ആദ്യം അല്‍ഖ്വൈദയ്ക്കൊപ്പം അഫ്ഗാനിസ്ഥാനിലും പിന്നീട് ഐഎസിനൊപ്പം സിറിയയിലുമായി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാഷിംഗ് ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സമര്‍ തുറന്ന് പറയുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ താന്‍ വഹിച്ചത് ചെറിയൊരു പങ്ക് മാത്രമാണെന്നാണ് സമറിന്‍റെ അവകാശ വാദം. ഒരു കാലത്ത് എല്ലാ ഭീകരവാദ സംഘടനകളുടെയും ഇടനിലക്കാരനായിരുന്നു സമര്‍. 57കാരനായ സമറിന് സിറിയന്‍, ജര്‍മ്മന്‍ പാസ്പോര്‍ട്ടുകളുണ്ട്. 

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാമിപ്യത്തിലാണ് സമറിനെ വാഷിംഗ്ടണ്‍ പോസ്റ്റ് അഭിമുഖം നടത്തിയത്. തടവുകാരെ താടി വയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ അയാളുടെ താടി ഷൗരം ചെയ്തിരുന്നു. എന്നാല്‍ 9/11 ന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അയാള്‍ വാചാലനാണ്. വിശ്വസനീയമാണ് അയാള്‍ ആ സംഭവത്തെ കുറിച്ച് നല്‍കുന്ന വിശദീകരണമെന്നാണ് അവരുടെ പക്ഷം. 

തനിക്ക് 9/11 നെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നുവെന്നാണ് അയാളുടെ വാദം. എന്നാല്‍ ചാവേര്‍ സംഘത്തെ പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയത് സമറാണ്. മുസ്ലീം സമുദായത്തേട് അമേരിക്ക നടത്തിയ ക്രൂരതകളെ കുറിച്ച് ഏറെ പറയാനുമുണ്ട് അയാള്‍ക്ക്. 

സമറിന് 10 വയസ്സുള്ളപ്പോഴാണ് അയാളുടെ കുടുംബം ജര്‍മനിയിലേക്ക് കുടിയേറി പാര്‍ത്തത്. 1982ലാണ് സമര്‍ ആദ്യമായി ഒരു സായുധ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്‍റെ സായുധ സംഘത്തില്‍ ചേരാന്‍ സിറിയയിലേക്ക് കടക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ജോര്‍ദാന്‍ അധികൃതര്‍ അയാളെ തിരിച്ചെത്തിച്ചു. 

ആ യാത്രയില്‍ കണ്ടുമുട്ടിയ ആള്‍ അയാളുടെ ഭാവി ജീവിതത്തിനെ ഏറെ സ്വാധീനിച്ചു. ഇപ്പോഴത്തെ സിറിയന്‍ യുദ്ധത്തിലെ നിര്‍ണ്ണായക സാന്നിധ്യമായി മാറിയ മുഹമ്മദ് അല്‍ ബഹയ്യ അഥവാ അബു ഖലേദ് അല്‍ സുറി ആയിരുന്നു ആ യാത്രയില്‍ സമറിന്‍റെ ജീവിതത്തെ മാറ്റി മറിക്കാന്‍ എത്തിയത്. 

അല്‍ ബഹിയ്യയുടെ ക്ഷണപ്രകാരം 1991 ലാണ് സമര്‍ ആദ്യമായി അഫ്ഗാനിസ്ഥാനിലെത്തുന്നത്. ബഹിയ്യ നേരിട്ട് നടത്തുന്ന മിലിറ്ററി ക്യാമ്പില്‍നിന്ന് പരിശീലനം. പിന്നീട് തുടര്‍ച്ചയായി തീവ്രവാദി ഗ്രൂപ്പുകളുമായി സമ്പര്‍ക്കം. തനിക്ക് മുന്നില്‍ കിട്ടുന്ന മുസ്ലീം യുവാക്കളെ ജിഹാദിന്‍റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കി സജ്ജരാക്കുന്നതില്‍ വ്യാപൃതനായി ബാക്കി കാലം. 

ഹാംബര്‍ഗിലെ പള്ളിയില്‍വച്ചാണ് സമര്‍ 9/11 ദൗത്യത്തിനുള്ളവരെ കണ്ടെത്തിയത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ത്ത ചാവേര്‍ ടീമിന്‍റെ തലവന്‍ മുഹമ്മദ് അത്ത അടക്കമുള്ളവരുമായാണ് 1999 അവസാനത്തോടെ സമര്‍ അഫ്ഗാനിലെത്തിയത്. അപ്പോഴേക്കും സമറിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയ ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം സിഐഎയ്ക്ക് കൈമാറിയിരുന്നു. ഈ അഫ്ഗാന്‍ യാത്രയിലാണ് സമര്‍, ഒസാമ ബിന്‍ ലാദനെ കണ്ടുമുട്ടുന്നത്. പിന്നീടൊരിക്കലും ലാദനെ കണ്ടിട്ടില്ല. അത്തയെയും പിന്നീട് കണ്ടിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. 

എന്നാല്‍ താന്‍ എല്ലാവരെയും പോല അത്ഭുതത്തോടെയാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ന്നെന്ന വാര്‍ത്ത കേട്ടത്. ആ പദ്ധതിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. ഭീകരവാദപ്രവര്‍ത്തനത്തിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുക, അവരെ പരിശീലന കേന്ദ്രങ്ങളിലെത്തിക്കുക എന്നത് മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. അവര്‍ ആ പദ്ധതി തന്നില്‍നിന്ന് മറച്ചുവച്ചതായും അയാല്‍ ദൈവനാമത്തില്‍ സത്യം ചെയ്യുന്നു. 

അതേസമയം ആക്രമണത്തില്‍ സമറിനുള്ള പങ്ക് തെളിയിക്കാന്‍ യുഎസ് അന്വേഷണ സംഘത്തിന് ആയിട്ടില്ല. സമറിനെ പോലെ വാചാലനാകുന്ന ഒരാളെ ഇത്തരം ദൗത്യത്തിലേക്ക് ചേര്‍ക്കില്ലെന്ന നിഗമനത്തിലാണ് അവര്‍. അതിനാല്‍ അയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാനും സംഘം മുതിര്‍ന്നില്ല. 9/11 ന് മൂന്ന് മാസത്തിന് ശേഷം മൊറോക്കോയില്‍ വച്ചാണ് സമര്‍ അറസ്റ്റിലായത്. അവിടെ നിന്ന് സിറിയയിലേക്ക് നാടുകടത്തി. പിന്നീട് 12 വര്‍ഷം ദമാസ്കസിന് പുറത്ത് സെഡ്നയ എന്ന ജയിലില്‍ ഏകാന്ത തടവിലായിരുന്നു സമര്‍‍. 

മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ആദ്യകാല ബന്ധത്തിന്‍റെ പേരില്‍ 2008 ല്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2003 ല്‍ മോചിപ്പിക്കപ്പെട്ടു. പിന്നീട് ഐഎസിനൊപ്പമായി. യുഎസ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രായം തളര്‍ത്തിയതോടെയാണ് അമേരിക്കയുടെ കീഴിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതെന്നും സമര്‍ പറയുന്നു.