ചെന്നൈ: മൂന്ന് വര്‍ഷത്തിനിടെ 2700 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന മോഷ്ടാക്കള്‍ ചെന്നൈയില്‍ പിടിയില്‍. പലവാക്കം സ്വദേശി പ്രവീണ്‍(24), ചിറ്റിലപാക്കം സ്വദേശി ഹനുമന്ത് റാം(40) എന്നിവരാണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഒരു സ്ത്രീയുടെ കൈയില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പ്രവീണിനെ പോലീസ് കൈയോടെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ മൂന്ന് വര്‍ഷത്തിനിടെ 2700 ഓളം ഫോണുകള്‍ കവര്‍ന്ന് വില്‍പന നടത്തിയതായി സമ്മതിച്ചത്. അഡയാര്‍, വേളാച്ചേരി, തിരുവാണ്‍മിയൂര്‍, പലവാക്കം, ബസന്ത് നഗര്‍, കാനത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നാണ് ഇയാള്‍ കൂടുതല്‍ കവര്‍ച്ചകളും നടത്തിയത്.

ബൈക്കിലെത്തി ഫോണ്‍ തട്ടിപ്പറിച്ചശേഷം അതിവേഗം ഓടിച്ചുപോകുയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണുകള്‍ ഹനുമന്ത് റാം വഴിയാണ് വില്‍പന നടത്തിയിരുന്നത്. ബേസിക് മോഡലുകള്‍ക്ക് 500-600 രൂപയും ഹൈ എന്‍ഡ് മോഡലുകള്‍ക്ക് 3000 മുതല്‍ 4000 രൂപയ്ക്കുമാണ് വിറ്റിരുന്നത്.