ദില്ലി: രാജ്യത്ത് മനുഷ്യക്കടത്ത് തടയാന്‍ ആദ്യമായി നിയമം വരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുമുള്ള കരട് ബില്ല് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ദില്ലിയില്‍ പുറത്തിറക്കി. വിദേശരാജ്യങ്ങളിലേയ്‌ക്ക് തൊഴില്‍ റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികളുടെ നിയന്ത്രണമടക്കം ഒട്ടേറെ സുപ്രധാന നിര്‍ദേശങ്ങള്‍ കരട് ബില്ലിലുണ്ട്.

മനുഷ്യക്കടത്ത് തടയാന്‍ രാജ്യത്ത് ഇതുവരെ ഒരു നിയമം നിലവിലുണ്ടായിരുന്നില്ല. സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരെ അനധികൃതമായി മറ്റു രാജ്യങ്ങളിലേക്കടക്കം കടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ ഇതിനെതിരെ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ച് കരട് ബില്ലിന് രൂപം നല്‍കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

നാല് മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ മനുഷ്യക്കടത്തിനെതിരെ പുതിയ നിയമത്തിന്‍റെ കരട് പുറത്തിറക്കിയിരിയ്‌ക്കുന്നത്. നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ നിര്‍ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിയ്‌ക്കാന്‍ പുതിയ സംവിധാനം, വിചാരണയ്‌ക്കായി പ്രത്യേക കോടതികള്‍, മനുഷ്യക്കടത്ത് ഇരകള്‍ക്ക് സംരക്ഷണം എന്നിങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ ബില്ലിലുണ്ട്.

വിദേശരാജ്യങ്ങളിലേയ്‌ക്ക് തൊഴില്‍ റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ നിര്‍ബന്ധമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിയ്‌ക്കണമെന്ന് ബില്ലില്‍ പറയുന്നു. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായി ഇരകളെ പുനരധിവസിപ്പിയ്‌ക്കാനുള്ള നിര്‍ദേശങ്ങളും കരട് ബില്ലിലുണ്ട്. ബില്ലിന്‍റെ കരട് രൂപം കേന്ദ്രവനിതാശിശുക്ഷേമമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷം അന്തിമബില്ല് അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.