ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21 ന് രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്‌പെ വിമാന താവളത്തില്‍ ആറരയോടെ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. 

കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തിന് ഏട്ടാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും നഷ്ട പരിഹാരം ഇനിയുമകലെ. ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21 ന് രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്‌പെ വിമാന താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. 

ദുരന്തം നടന്ന് എട്ട് വര്‍ഷം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബനാഥരും മക്കളും നഷ്ടപ്പെട്ട വീടുകളും അനാഥരായ മക്കളും ദുരന്തത്തിന്റെ ബാക്കിപത്രമാണിന്നും. 

'എനിക്ക് ഭര്‍ത്താവിനെ തിരിച്ച് തന്നാല്‍ മതിയായിരുന്നു, നഷ്ടപരിഹാരത്തിനായി ഒരുപാട് പ്രാവശ്യം കോടതി കയറിയിട്ടുണ്ട്, കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പരിഹാരം കാണുമെന്നാണ് അധികാരികള്‍ പറയുന്നത്. വലിയ സ്വപ്നത്തോടെയായിരുന്നു ഭര്‍ത്താവ് കടല്‍ കടന്ന് അറബി നാട്ടില്‍ പോയത്. ഈ മൂന്ന് മക്കളെയും കൊണ്ട് എന്താണ് ചെയ്യേണ്ടത്.' പൊട്ടിക്കരഞ്ഞ് കൊണ്ട് വിമാന ദുരന്തത്തില്‍ മരിച്ച കീഴൂരിലെ ഉമേശന്റെ ഭാര്യ പ്രമീളയുടെ വാക്കുകളാണിത്.

സുപ്രീം കോടതിയുടെ അന്തിമ വിധി കാത്ത് നില്‍ക്കുന്ന ഒരാളുണ്ട് കുമ്പള ആരിക്കാടിയില്‍. ഹൈകോടതിയില്‍ നിന്ന് ആദ്യം അനുകൂലമായ വിധി വന്നിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. തുടര്‍ന്ന് അവര്‍ക്കനുകൂലമായി കോടതി വിധി വന്നു. ഇതോട് കൂടിയാണ് സലാം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ഡ്രിയല്‍ കരാറടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ട് ആറ് വര്‍ഷം കഴിഞ്ഞു. ഇത് സംബന്ധിച്ച് ആഗസ്റ്റ് മാസങ്ങള്‍ക്കകം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് സലാം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. സലാമിന്റെ മകന്‍ മുഹമ്മദ് റാഫിയാണ് വിമാന അപകടത്തില്‍ മരിച്ചത്. നഷ്ടപരിഹാരമായി 35 ലക്ഷം ഇവര്‍ക്ക് ലഭിച്ചിരുന്നു. 

അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മോണ്‍ട്രിയാല്‍ ഉടമ്പടി പ്രകാരം കുറഞ്ഞത് 76 ലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനകം തുക നല്‍കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍ പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം നടത്തിയത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ചരടുവലികളും ഇതിലുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും പറയുന്നത്. 

അപകടത്തില്‍ മരിച്ച 15-ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. പലര്‍ക്കും പകുതി തുക കിട്ടാന്‍ തന്നെ വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടിയും വന്നു.