കോട്ടയം: ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണെന്ന കേരള കോണ്‍ഗ്രസ് യുവജന, വിദ്യാര്‍ഥി വിഭാഗം നേതാക്കളുടെ പരസ്യപ്രതികരണം ശരിവച്ചതോടെ കെ.എം. മാണി കോണ്‍ഗ്രസുമായി തുറന്ന യുദ്ധത്തിന്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 15നു ശേഷം പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേരും. ഇതിനിടെ മാണി ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെയും അടൂര്‍ പ്രകാശിന്റെയും ഗൂഢാലോചനയെന്നാണു യൂത്ത് ഫ്രണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയും പങ്കും സംശയിക്കുന്നു. കെഎസ്‌സി യും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നു. എല്ലാം തന്റെ അറിവോടെ തന്നെയെന്നാണ് ഇപ്പോഴത്തെ പ്രതികരണത്തിലൂടെ മാണി അടിവരയിടുന്നത്.
കുട്ടി നേതാക്കള്‍ പറഞ്ഞതു വലിയ കാര്യമെന്ന് മാണി പറഞ്ഞു വയ്ക്കുന്നതിലൂടെ ബാര്‍ കോഴയില്‍ അദ്ദേഹം രണ്ടും കല്‍പിച്ചുള്ള നീക്കത്തിനാണെന്നു വ്യക്തം. ഗൂഢാലോചനാ പ്രശ്‌നം യുഡിഎഫിനുള്ളില്‍ തലവേദനയായി നിലനിര്‍ത്തുകയെന്നതാണു ലക്ഷ്യം. ഗൂഢാലോചന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇതോടെ രണ്ടിലൊന്നു തീരുമാനിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടെങ്കിലും ഒറ്റയടിക്ക് അതുണ്ടാകില്ലെന്നാണു വിവരം.
അതേ സമയം ബാര്‍ കോഴ വിഷയം മുന്നണിയില്‍ ഗുരുതരമായ പ്രശ്‌നമാണെന്ന പ്രതീതി സൃഷ്ടിക്കുന്ന നീക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തുടരെ ഉണ്ടാകും .മാണിയെ തണുപ്പിക്കാന്‍ ചെന്നിത്തല ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കണ്ടെന്നാണു വിവരം. തെറ്റായ നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടിയും വിശദീകരിക്കുന്നു.
ബാര്‍ കോഴക്കേസ് തുടര്‍ നടപടികളിലേക്കു വിജിലന്‍സ് നീങ്ങുന്ന സാഹചര്യത്തില്‍ക്കൂടിയാണു തന്നെ തളിച്ചിടാന്‍ കെട്ടിപ്പൊക്കിയ ആരോപണമെന്ന വാദം മാണി ബലപ്പെടുത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ പരസ്യ പ്രതികരണങ്ങളുടെ ലൈനിലാകും കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുമെന്നാണു വിവരം.
