കോട്ടയം: അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ദേശീയ നേതാവ് മാണി സി കാപ്പൻ. ഉഴവൂർ വിജയനെ ജോക്കർ എന്നുൾപ്പെടെ വിളിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്നും മാണി സി കാപ്പൻ കോട്ടയത്ത് പറഞ്ഞു. പരാമ‍ര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി. പീതാംബരന്‍ ഏകാധിപതിയാണെന്നു പറഞ്ഞിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിനായി ആരെയും വാടകയ്ക്കെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഉഴവൂരിനെപ്പോലുള്ള ‘ജോക്കറെ’ പാർട്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു മാണി സി.കാപ്പന്റെ പരാമർശം. മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടിൽ മാറ്റമില്ല. ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി. പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാർട്ടിയെ നയിച്ചത്. ഉഴവൂര്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു. മാണി സി. കാപ്പന്റെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും എ.കെ.ശശീന്ദ്രൻ എംഎൽഎയും രംഗത്തെത്തിയിരുന്നു. കാപ്പൻ മാപ്പു പറയണമെന്ന് ഇരുവരും ആവശ്യപ്പെടുകയും ചെയ്തു.