രാജ്യസഭയിലേക്ക് ആരെന്ന് ഉടന്‍ തീരുമാനിക്കും,മത്സരിക്കാനില്ല രാജ്യസഭയിലേക്ക് പോകാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് കെഎം മാണി. ജോസ് കെ മാണിയും മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കെഎം മാണി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം ചർച്ചചെയ്യാൻ കേരളാ കോണ്‍ഗ്രസ് എം നേതാക്കൾ ഇന്ന് വൈകീട്ട് എട്ട് മണിക്ക് പാലായിൽ യോഗം ചേരും

അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ കോണ്‍ഗ്രസിൽ നിന്ന് പിടിച്ചെടുത്ത സീറ്റാണ്. രാജ്യ സഭയിലേക്ക് ആരു പോകണമെന്ന കാര്യത്തിൽ കേരളാ കോണ്‍ഗ്രസിൽ ചര്‍ച്ച സജീവമായി. രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയം സംസാരിച്ച് പോയെങ്കിലും അന്തിമധാരണയുണ്ടായിട്ടില്ല

രാജ്യസഭയിലേക്ക് പോകാൻ വ്യക്തിപരമായി താൽപര്യമില്ലെന്നാണ് ജോസ് കെ മാണിയും പറഞ്ഞത്. പാര്‍ട്ടിക്ക് പുറത്തും വേണമെങ്കിൽ ആളുണ്ടെന്ന കെഎം മാണിയുടെ അഭിപ്രായം പക്ഷെ പിജെ ജോസഫും സിഎഫ് തോമസും തുടക്കത്തിലെ തള്ളി. മാണിയും മകനും ഇല്ലെങ്കിൽ പിന്നെ സീറ്റ് പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവര്‍ക്ക് തന്നെ നൽകണം.

ജോസഫ് എം പുതുശ്ശേരിയും, തോമസ് ഉണ്ണിയാടനും സ്റ്റീഫൻ ജോര്‍ജ്ജും അടക്കം വലിയൊരു നിരയുണ്ട് പരിഗണിക്കാൻ. മാത്രമല്ല മടങ്ങിവരവ് കോണ്‍ഗ്രസിനകത്തും യുഡിഎഫിലും വൻ കലാപമായ സ്ഥിതിക്ക് അവര്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയുമാകണം. വിശദമായ ചര്‍ച്ച പാലായിൽ നടത്താമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. സാധ്യതകളും സാഹചര്യങ്ങളും വിലയിരുത്തി വരുമ്പോൾ കെഎം മാണിയിലോ ജോസ്കെ മാണിയിലോ തന്നെ സീറ്റെത്തിയാൽ അതിൽ അത്ഭുതവുമില്ല