പരിഹാസവുമായി ബിജെപി നേതാവ്

അഗര്‍ത്തല: രണ്ട് പതിറ്റാണ്ടിന്റെ ഇടത് ഭരണം വിട്ട് ത്രിപുരയില്‍ ബിജെപി സഖ്യം ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ മാണിക് സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവും ആസ്സാമിലെ മന്ത്രിയുമായ ഹേമന്ത് ബിശ്വ ശര്‍മ്മ. ഇരുപത് വര്‍ഷം തുടര്‍ച്ചയായി ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇനി കേരളത്തിലോ ബംഗാളിലൊ അയല്‍ രാജ്യമായ ബംഗ്ലാദേശിലൊ അഭയം പ്രാപിക്കാമെന്നാണ് ബിശ്വാസിന്റെ പപരിഹാസം. 

"മാണിക് സര്‍ക്കാരിന് മുന്നില്‍ ഇനി മൂന്ന് സാധ്യതകളാണ് ഉള്ളത്. പശ്ചിമ ബംഗാളിലേക്ക് പോകാം. ഇപ്പൊഴും കുറച്ച് പേരെങ്കിലും സിപിഎമ്മില്‍ ഉള്ളത് അവിടെയാണ്. മാണിക് സര്‍ക്കാരിന് ഇപ്പൊഴും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലേക്ക് പോകാം. അവര്‍ക്ക് ഇനിയും മൂന്ന് വര്‍ഷം ബാക്കിയുണ്ട്. അല്ലെങ്കില്‍ അയല്‍ സംസ്ഥാനമായ ബംഗ്ലാദേശിലേക്ക് പോകാം" എന്നാണ് തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അഗര്‍ത്തലയില്‍ വച്ച് ബിശ്വാസ് പറഞ്ഞത്. 

69 കാരനായ മാണിക് സര്‍ക്കാരാണ് 1998 മുതല്‍ ത്രിപുര ഭരിക്കുന്നത്. നാല് വര്‍ഷത്തെ ഇടത് ഭരണത്തിന് തുടര്‍ച്ച നഷ്ടപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്. 60 സീറ്റുകളില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇടത് സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. 

ഫെബ്രുവരി 18ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷം 15 സീറ്റും ബിജെപി ഐപിഎഫ്ടി സഖ്യം 44 സീറ്റും നേടി. അതേസമയം രണ്ട് തവണ ത്രിപുര ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. 2013 ല്‍ കോണ്‍ഗ്രസിന് 10 സീറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റ് നേടിയ ബിജെപി വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്. 49 സീറ്റ് ഉണ്ടായിരുന്ന സ്ഥാനത്താണ് ഇടതുപക്ഷം 15 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുന്നത്.