മലയോരമേഖലയില്‍ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെടുപ്പ് സുതാര്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനവട്ട ഒരുക്കത്തിലാണ്.1151 പോളിംഗ് സ്റ്റേഷനുകളില്‍ പലതും മലമുകളിലാണ്.ഇവിടത്തേക്ക് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും എത്തിക്കാന്‍ ഹെലികോപ്ടറുകള്‍ തയ്യാറാക്കി.

 98 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീകള്‍ നാല് പേര്‍ മാത്രം. ആദ്യഘട്ടില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിനാല്‍ കനത്ത സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ്. ബിജെപിക്കായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും നിധിന്‍ ഗഡ്കരിയും അവസാനഘട്ടത്തില്‍ പ്രചാരണം നടത്തി. കോണ്‍ഗ്രസ് വോട്ടുപിടിച്ചത് മുഖ്യമന്ത്രി ഇബോബി സിംഗിന്റെയും ഉപമുഖ്യമന്ത്രി ഗയ്ക്കന്‍ഗമിന്റെയും നേതൃത്വത്തിലാണ്. 

മലയോരമേഖലയിലെ വികസനമില്ലായ്മ, ഏഴ് പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തുന്ന സാമ്പത്തികഉപരോധം എന്നിവയാണ് പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചയായത്. മുഖ്യമന്ത്രി ഇബോബി സിംഗും ഇറോം ശര്‍മ്മിളയും മത്സരിക്കുന്ന തൗബാല്‍ മണ്ഡലത്തിലാണ് എല്ലാവരുടെയും ശ്രദ്ധ. കോണ്‍ഗ്രസിനും ബിജെപിക്കും ഇറോമിന്റെ പ്രജാപാര്‍ട്ടിക്കും പുറമെ എന്‍സിപിയും സിപിഐയും തൃണമൂല്‍ കോണ്‍ഗ്രസും മണിപ്പൂരില്‍ ഈഘട്ടത്തില്‍ ജനവിധി തേടുന്നു. 24 സ്വതന്ത്രരും മത്സര രംഗത്തുണ്ട്. .ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് പോളിംഗ്.