കേസില്‍ അറസ്റ്റിലായ അബ്ദുള്‍ നാസറെന്ന എന്‍.കെ നാസര്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മങ്കട എട്ടാം വാര്‍ഡിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. കൊലപാതകം നടന്ന വിട്ടിലെ സ്‌ത്രീയുടെ ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ ആബിദ തൊട്ടടുത്ത 14ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. കാലങ്ങളായി ലീഗിന്റെ കൈവശമുണ്ടായിരുന്ന സീറ്റുകള്‍ രണ്ടും ഇത്തവണ ഇടതു പക്ഷം നേടി. മരിച്ച നസീറിന്റെ നേതൃത്വത്തില്‍ ഈ വാര്‍ഡുകളില്‍ നടന്ന പ്രവര്‍ത്തനമായിരുന്നു ഇതിനു കാരണം. ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന മൂന്ന് അക്രമണ കേസുകളില്‍ പ്രതിയും ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുമായ നസീറിനോട് പ്രതികള്‍ക്ക് പകയുണ്ടായതില്‍ അത്ഭുതമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കേസിലെ രണ്ടാംപ്രതിയും ഒരു ബലാത്സംഗക്കേസിലടക്കം പ്രതിയുമായ ഷറഫുദ്ദീന് നസീറിനോട് കടുത്തവ്യക്തി വിരോധവും ഉണ്ടായിരുന്നു. പരിസര വാസികളെ അറിയിക്കാതെ നടന്ന ആക്രമണത്തില്‍ പങ്കെടുത്തത് വീടിന് വളരെ അകലെ താമസിക്കുന്നവരാണെന്ന കാര്യവും മറ്റ് ലക്ഷ്യങ്ങളും കൊലയ്ക്ക് പിന്നിലുണ്ടെന്നതിന് വ്യക്തമായ തെളിവാണെന്നും നാട്ടുകാര്‍ പറയുന്നു

അതേസമയം കേസില്‍ അറസ്ററിലായ നാലു പേരെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ ഷറഫുദ്ദീന്‍, അബ്ദുല്‍ ഗഫുര്‍, ഷഫീഖ്,
അബ്ദുള്‍ നാസര്‍ എന്നിവരെയാണ് മഞ്ചേരി കോടതി റിമാന്റ് ചെയ്തത്. കേസില്‍ ഒളിവിലുള്ള മുഖ്യപ്രതികളായ സുഹൈലിനും സക്കീറിനും വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കര്‍ണ്ണാടകത്തില്‍ ഉള്ളതായാണ് വിവരം.