കുട്ടനാട്ടില്‍ പാടശേഖരസമിതി ഭാരവാഹികളുടെ വിളയാട്ടം. പുളിങ്കുന്നില്‍ നാനൂറേക്കര്‍ പാടശേഖരം ഇപ്പോഴും വെള്ളത്തിനടിയിലാണ്. വേണാട്ടുകാട് വടക്കേക്കരി മാര്‍ത്താനിക്കരി പാടശേഖരത്തിലാണ് ദുരിതം. ഇരുനൂറ് കുടുബങ്ങള്‍ക്ക് ജീവിക്കാനാവുന്നില്ല. വീട്ടിനുമുന്നില്‍ പലിയിടങ്ങളിലും അരയ്ക്ക് മുകളില്‍ വെള്ളം. മോട്ടോര്‍ വെച്ച് വെള്ളം വറ്റിക്കാത്തതാണ് കാരണം. കുട്ടനാട്ടിലെ മറ്റ് പാടേശഖരങ്ങള്‍ കൃഷിക്കൊരുങ്ങി.
ആലപ്പുഴ: കുട്ടനാട്ടില്‍ പാടശേഖര സമിതിയുടെ പിടിവാശിയെത്തുടര്‍ന്ന് പുളിങ്കുന്ന് പഞ്ചായത്തിലെ നാനൂറേക്കര്‍ പാടശേഖരമായ വടക്കേക്കരി മാര്‍ത്താനിക്കരിയിലെ ഇരുനൂറ് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടയില്‍. വര്‍ഷങ്ങളായി പാടശേഖരസമിതി ഭാരവാഹികളായ സഹോദരങ്ങളാണ് മോട്ടോര്‍ അടിച്ച് വെള്ളംവറ്റിക്കാന്‍ പുതിയ ഭരണസമിതിയെ സമ്മതിക്കാത്തത്. പ്രതിസന്ധി രൂക്ഷമായിട്ടും ഇടപെടാതെ ജില്ലാ ഭരണകൂടവും കൃഷിവകുപ്പും.
രണ്ട് മാസം മുമ്പ് വെള്ളം കയറിയതാണ്. കുട്ടനാട്ടിലെ മിക്കവാറും എല്ലാ പാടശേഖരങ്ങളും വെള്ളം പൂര്‍ണ്ണമായി വറ്റിച്ച് പുഞ്ചകൃഷിക്കായി തയ്യാറെടുക്കുമ്പോഴും ഇവിടുത്തെ അവസ്ഥ ഇതാണ്. നിരവധി വീടുകള്‍ക്ക് മുന്നില്‍ ഇപ്പോഴും അരയക്ക് മുകളില്‍ വെള്ളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും കുട്ടികള്‍ക്ക് വീട്ടുമുറ്റത്തിറങ്ങി ഒന്ന് കളിക്കാന്‍ പോലും കഴിയുന്നില്ല. ജനങ്ങളെ വെള്ളത്തിലാക്കിയ പാടശേഖരസമിതി ഭാരവാഹികള്‍ക്കെതിരെ ജനരോഷം ശക്തമാണ്.
പാടശേഖരസമതി വര്‍ഷങ്ങളായി സഹോദരങ്ങളുടെ നേതൃത്വത്തില്‍ കുത്തകയാക്കി വച്ചിരിക്കുകയാണിവിടെ. കഴിഞ്ഞ തവണ ഇവരുടെ കൃഷി നിലം ആരും പാട്ടത്തിനെടുക്കാതായതോടെ കൃഷി വേണ്ടെന്ന് പാടേശേഖരസമിതി തീരുമാനിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പുതിയ കമ്മിറ്റി നിലവില്‍ വന്നെങ്കിലും പഴയ ഭാരവാഹികള്‍ ഒന്നിനും സമ്മതിച്ചില്ല. എന്നാല്‍ വെള്ളം വറ്റിക്കാതിരിക്കാന്‍ തങ്ങള്‍ ഒന്നും ചെയ്തില്ലെന്നാണ് പഴയ ഭാരവാഹികളുടെ നിലപാട്. പഴയ പാശേഖരസമിതി ഭാരവാഹികള്‍ വെള്ളംവറ്റിക്കാനുളള നീക്കം തടഞ്ഞപ്പോള്‍ ഇവരുടെ ദുരിതം ഇരട്ടിയായി. കറുത്ത നിറമുള്ള വെള്ളത്തില്‍ ചവിട്ടി നിന്ന് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടു തുടങ്ങി. വെള്ളം വറ്റിക്കാത്ത ഭരണസമിതിയുടെ പിടിവാശിയില്‍ ഒന്നിടപെടാന്‍ ജില്ലാ ഭരണകൂടമോ കൃഷിവകുപ്പോ തയ്യാറാകുന്നുമില്ല.
