പനാജി: പതിമൂന്നാമത് ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു .രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഘടകകക്ഷി മന്ത്രിമാരും പരീക്കര്‍ക്കൊപ്പം അധികാരമേറ്റു. ജനവിധിക്കെതിരായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാരോപിച്ച് രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടന്നു.
കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് മനോഹര്‍ പരീകര്‍ ഗോവ മുഖ്യമന്ത്രിയായത്. വൈകുന്നേരം 5.20ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹ പരീക്കര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ്. ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. മൂന്ന് എംഎല്‍എമാരുള്ള എംജിപിക്കും ജിഎഫ്‌പിക്കും രണ്ട് മന്ത്രിസ്ഥാനം വീതം നല്‍കി. രണ്ടു സ്വതന്ത്ര എംഎല്‍എമാരും പരീക്കര്‍ ക്യാബിനറ്റില്‍ അംഗമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രിതന്നെ ആഭ്യന്തരവും ധനവകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് വിവരം. 16ന് പരീക്കറിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. എന്‍ജിനീയറിങ് ബിരുദം നേടിയ പരീകര്‍ 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയത്തിലെത്തിച്ചിരുന്നു.
സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി അവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്റെ അവശ്യം തള്ളിയത്. എന്നാല്‍ ഗോവ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗത്തെ പ്രോടൈം സ്പീക്കറാക്കിയാണ് വിശ്വാസവോട്ട് നേടേണ്ടത് എന്ന് കോടതി നിര്‍ദേശിച്ചു.വിശ്വാസ വോട്ട് വ്യാഴാഴ്ച രാവിലെ നടത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഗോവയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പരാതി. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഭിഷേക് മനു സിംഗ്‌വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്.
