ബംഗളുരു: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായി വാഹനങ്ങള്‍ കത്തിച്ചു. അറുപതോളം ബസ്സുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. മൈസൂര്‍ റോഡിലെ കെ പി എന്‍ ബസ്സ് ഡിപ്പോയിലാണ് അതിക്രമം ഉണ്ടായത്. കെ പി എന്‍ ബസ് കൊയമ്പത്തൂര്‍ സ്വദേശിയുടേതാണെന്ന വിവരത്തെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ അവിടേക്ക് പാഞ്ഞെത്തിയത്. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇരുപതോളം ബസുകള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയായിരുന്നു. ഇത് ചിത്രീകരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം ഉണ്ടായി. അക്രമം വ്യാപകമായതോടെ അന്തര്‍ സംസ്ഥാന സ്വകാര്യബസുകളും കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.
മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഓണത്തിന് നാട്ടിലെത്താനാവാതെ മലയാളികള്‍ വലയുന്നു. കെ എസ് ആര്‍ ടി സി ബംഗലൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 48 കെ എസ് ആര്‍ ടി സി ബസുകള്‍ ബംഗലുരുവില്‍ കുടുങ്ങിക്കിടക്കുന്നു. 29 പ്രതിദിന സര്‍വീസുകളും 19 സ്‌പെഷ്യലുമാണ് കുടുങ്ങികിടക്കുന്നത്. സുരക്ഷയില്ലെങ്കില്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ പറയുന്നു. അതേസമയം മന്ത്രി എ കെ ശശീന്ദ്രന്‍ കര്‍ണാടക ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി. കേരള - കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മലയാളികള്‍ സുരക്ഷിതരെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം. ബംഗലൂരുവില്‍ തമിഴ്‌നാട് ലോറികള്‍ കത്തിച്ചു. ചെന്നൈയില്‍ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെ അക്രമം. ബംഗലുരു-മൈസൂര്‍ റോഡ് അടച്ചു. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെ ആക്രമണമുണ്ടായി. ബംഗലൂരുവില്‍ മെട്രോ സര്‍വീസും തടസ്സപ്പെട്ടു. ബംഗലൂരുവില്‍ സ്‌കൂളുകള്‍ അടച്ചു. നഞ്ചങ്കോട് - മൈസൂര്‍ റോഡില്‍ രണ്ടു ലോറികള്‍ക്ക് തീയിട്ടു.
