മൂന്നാർ: മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് പോലെ നിരവധി അനധികൃത നിർമ്മാണങ്ങൾ മൂന്നാറിൽ നടക്കുന്നതായി ആരോപണം. ദേവികുളം റോഡിൽ കോടികൾ ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ പദ്ധതിയാണ് കയ്യേറ്റത്തിന്‍റെ മറ്റൊരുദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്.

മൂന്നാർ - ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്‍റ് കോളേജിനു താഴെയാണ് ഡിടിപിസിയുടെ ബോട്ടാണിക്കൽ ഗാർഡന്‍റെ നിർമ്മാണം. നിർമാണത്തിന് കളക്ടറുടെ എൻഒസിയുണ്ടെങ്കിലും എത്ര എക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും പണം അനുവദിക്കാത്ത ബജറ്റിലാണ് ബോട്ടാണിക്കൽ ഗാർഡന് കോടികൾ അനുവദിച്ചത്. ഇത് ഉന്നത സ്വാധീനങ്ങൾ പദ്ധതിയ്ക്ക് പിന്നിലുള്ളത് വ്യക്തമാക്കുന്നുവെന്നാണ് ആരോപണം.

മുതിരപ്പുഴയോരത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഉയരത്തിനും മുകളിലാണ്  പ്രളയജലമൊഴുകിയത്. വെളളപ്പൊക്കത്തിൽ  സമീപത്തെ രണ്ടു പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു. പുഴയോരത്തെ കെട്ടിടങ്ങൾ നിമിത്തം സമീപത്തെ ലയങ്ങൾ വെളളപ്പാച്ചിലിൽ പെടുമോ എന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ. പദ്ധതിയുടെ സ്ഥലപരിധി സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എൻഒസി അടക്കമുള്ള രേഖകൾ വിശദമായി പരിശോധിക്കുമെന്നുമെന്നുമുള്ള റവന്യൂ വകുപ്പിന്‍റെ നിലപാടിലാണ് ഇനി തോട്ടം തൊളിലാളികളുടെയടക്കം പ്രതീക്ഷ.