ദമാം: നിരോധിത മരുന്നുമായി വിമാനത്താവളത്തില്‍ പിടിക്കപെട്ട നിരവധി ഇന്ത്യക്കാരാണ് ദമ്മാമിലെ ജയിലില്‍ വിചാരണ കാത്തു കഴിയുന്നത്. തലവേദനക്ക് ഉപയോഗിക്കുന്ന 150 ഗുളികകള്‍ കൊണ്ടുവന്നതിനു കല്‍ക്കട്ട സ്വദേശിക്കു ഈ മാസം ആദ്യം ദമ്മാം ക്രിമിനല്‍ കോടതി വിധിച്ചത് ഒന്‍പതു മാസത്തെ തടവാണ്.
കൊണ്ടുവന്ന ഗുളികയില്‍ ട്രമഡോള്‍ എന്ന മയക്കുമരുന്നിന്റെ അംശം അടങ്ങിയതായി തെളിയിക്കപ്പെട്ടതിനാലാണ് ശിക്ഷിക്കപ്പെട്ടത്.
ചികിത്സാര്‍ത്ഥം കൊണ്ടുവന്ന മരുന്നാണെന്നു തെളിയിക്കുന്ന രേഖകള്‍ പിടിക്കപ്പെട്ടു 40 ദിവസത്തിനകം ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രോസിക്യൂഷന്‍ വകുപ്പിനു സമര്‍പിച്ചാല്‍ മോചിതരാകും.
അല്ലാത്ത പക്ഷം കോടതിയിലേക്കു കേസ് കൈമാറുകയും തടവു ശിക്ഷക്കു വിധേയമാവേണ്ടി വരുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നാര്‍കോട്ടിക് ഘടകങ്ങളടങ്ങിയ മരുന്നു കൊണ്ട് വരുന്നവര്‍ അംഗീകൃത ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കീഴില്‍ ചികിത്സിക്കുന്നവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശം വെച്ചിരിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിട്ടി വ്യക്തമാക്കുന്നു.
രേഖക്കു ആറുമാസത്തില്‍ കുറയാത്ത കാലാവധിയും ഉണ്ടായിരിക്കണം. ചികിത്സക്കെന്ന പേരില്‍ മയക്കു മരുന്നുകള്‍ കടത്താന്‍ തുടങ്ങിയതാണ് വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കാരണം. മെഡിക്കല്‍ ലേബലില്‍ വലിയ തോതില്‍ മയക്കു മരുന്നു ഗുളിക കടത്താന്‍ ശ്രമിച്ച ഏഴുപേരടങ്ങുന്ന സംഘത്തെ കഴിഞ്ഞാഴ്ച ജിദ്ദ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
