സൗമ്യവധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തോമസ് പി ജോസഫിനെ ചുമതലപ്പെടുത്താന്‍ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ കാലത്താണ് തീരുമാനമെടുത്തത്. അന്ന് സുപ്രീംകോടതിയില്‍ കേസിന്റെ നടപടികള്‍ക്ക് സ്റ്റാന്റിങ് കോണ്‍സലായിരുന്ന ജോജി സ്കറിയ മേല്‍നോട്ടം വഹിച്ചു. സര്‍ക്കാര്‍ മാറി പുതിയ സ്റ്റാന്റിങ് കോണ്‍സല്‍മാരെ നിയമിച്ചു. സൗമ്യ കേസ് സ്റ്റാന്റിങ് കോണ്‍സലായ നിഷ ശങ്കര്‍ രാജന്റെ ചുമതലയിലായി. കോടതിയില്‍ ഹാജരാകേണ്ട മുതിര്‍ന്ന അഭിഭാഷകനെ തീരുമാനിച്ച കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ ഉത്തരവ് മാറ്റേണ്ടതില്ല എന്ന തീരുമാനമാണ് പുതിയ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ ഓഫീസ് എടുത്തത്. സൗമ്യയുടെ വധത്തില്‍ സാഹചര്യതെളിവുകള്‍ മാത്രമെ ഉള്ളുവെന്നും അതിനൊപ്പും സുപ്രീംകോടതിയില്‍ ഒന്നും പറയാനില്ലെന്നാണ് ഇപ്പോഴും കേസ് നടപടികള്‍ക്ക് നേതൃത്വം വഹിച്ച അഭിഭാഷകര്‍ പറയുന്നത്.
പക്ഷെ, വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. സുരേഷനെ എന്തുകൊണ്ട് ദില്ലിയിലേക്ക് വിളിപ്പിച്ചില്ല എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. സുരേശനെ മുതിര്‍ന്ന അഭിഭാഷകനുമായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയില്ല എന്നതില്‍ സംശയങ്ങള്‍ ബാക്കിയാക്കുന്നു. പലതവണ വിളിച്ചിട്ടും അസുഖംമൂലം സുരേഷന്‍ ദില്ലിയിലേക്ക് വന്നില്ല എന്നാണ് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ കേസിനായി തന്നെ വിളിച്ചിട്ടില്ലെന്നാണ് സുരേശന്റെ വിശദീകരണം. ഒരുതവണ കേസ് കഴിഞ്ഞപ്പോള്‍ ഒരു സംശയം ചോദിക്കാനായി മാത്രം സ്റ്റാന്റിങ് കോണ്‍സല്‍ ഫോണില്‍ വിളിച്ചെന്നും സുരേശന്‍ വ്യക്തമാക്കി. കേസ് നടത്തിപ്പില്‍ ഗൗരവം കാട്ടുന്നതിന് പകരം അമിത ആത്മവിശ്വാസം കാട്ടിയതാണ് കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് കാരണമെന്ന് ഇത്തരം വീഴ്ചകള്‍ വ്യക്തമാക്കുന്നു. ജീവപര്യന്തം വരെ ശിക്ഷയാകാം എന്ന പുതിയ നിയമം സൗമ്യവധക്കേസില്‍ ബാധകമാകില്ല. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയാല്‍ 10 വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ മാത്രമായിരിക്കും ലഭിക്കുക.
