മാവോയിസ്റ്റ് വിപ്ളവഗായകന്‍ ഗദ്ദര്‍ ആത്മീയതയിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്. സിപിഐ (എംഎല്‍)ന്‍റെ സാംസ്കാരിക കൂട്ടായ്മയായ ജന നാട്യ മണ്ഡലിന്‍റെ സ്ഥാപക നേതാവു കൂടിയായ അറുപത്തേഴുതകാരനായ ഗദ്ദര്‍ തെലുങ്കാനയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ഗദ്ദര്‍ ഭോംഗിര്‍ ജില്ലയിലെ യദാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തെലുങ്കാനയ്ക്ക് മഴ ലഭിക്കുന്നതിനും ജനങ്ങള്‍ക്ക് അനീതിക്കെതിരെ പൊരുതുന്നതിന് കരുത്ത് ലഭിക്കുവാനും താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നാണ് തുടര്‍ന്ന ഗദ്ദര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ പ്രശ്സതമായ സോമനാഥ് ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളും ഗദ്ദര്‍ അടുത്തകാലത്ത് സന്ദര്‍ശിച്ചിരുന്നു.
എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം ബാങ്ക് ജോലിയില്‍ പ്രവേശിച്ച ഗദ്ദര്‍ പിന്നീടാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിയുന്നത്. രാജ്യത്തെ മാവോയിസ്റ്റ് സംഘടനകള്‍ക്ക് പ്രചോദനം പകരുന്ന വിപ്ലവഗാനങ്ങളാണ് ഗദ്ദര്‍ ആലപിച്ചിരുന്നത്. അരികു ചേര്‍ക്കപ്പെട്ട ജനയതുടെയും ദളിതന്‍റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി. “എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ? എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ? ആര്‍ക്കുവേണ്ടി പോരാടണമെന്ന് നിങ്ങള്‍ മറന്നോ? അതോ, പോരാട്ടമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ? എങ്കിലറിയുക, നിങ്ങള്‍ വെറും അടിമകള്‍ മാത്രമാണെന്ന്.”ഗദ്ദറിന്‍റെ പ്രശസ്തമായ ഗാനങ്ങളിലെ ഭാഗമാണിത്.
ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്‍റെയും നക്സലൈറ്റ് പോരാട്ടത്തിന്‍റെയും പ്രതീകമായിരുന്നു ഗദ്ദര്‍. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍റെ പോരാളിയും ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്‍റെ മഹാസ്തംഭമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗദ്ദറിന്‍റെ ഗാനങ്ങള്‍ മാവോയിസ്റ്റുകളുടെ സായുധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്നിരുന്നു. എന്നാല്‍ ഗദ്ദറിന്‍റെ പുതിയ വേഷം മാവോയിസ്റ്റ് ബുദ്ധിജീവകളെ ഉള്‍പ്പെടെ അമ്പരപ്പിലാക്കിയതായാണ് റിപ്പോര്‍ട്ട്.
