ഒരു സ്‌ത്രീയും നാല് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ കൈപ്പത്തി ഇല്ലാത്തയാളുമുണ്ട്.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്. മാവോയിസ്റ്റ് നേതാവായ മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വനാതിര്‍ത്തിയിലെ വീട്ടിലെത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഘടനയില്‍ ചേരാന്‍ നിര്‍ദ്ദേശം നല്‍കിയാണ് ഇവര്‍ മടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേര്‍ന്നുള്ള ജീരകപ്പാറ വനാതിര്‍ത്തിയിലെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. മന്ത്രിമാരും ഉദ്യോഗസ്ഥരും സാധാരക്കാരെ കൊള്ളയടിക്കുകയാണെന്നും അവര്‍ക്കെതിരെ പോരാടാന്‍ മാവോയിസ്റ്റ് സംഘത്തില്‍ ചേരണമെന്നും നിര്‍ദേശം നല്‍കിയതായി പ്രദേശവാസിയായ ജോസ് പറഞ്ഞു. ഒരു സ്‌ത്രീയും നാല് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ കൈപ്പത്തി ഇല്ലാത്തയാളുമുണ്ട്. ഇത് മാവോയിസ്റ്റ് നേതാവായ മൊയ്തീന്‍ ആകാമെന്നാണ് പൊലീസ് നിഗമനം. ഫോണ്‍ ചാര്‍ജ് ചെയ്യുകയും ചായ കുടിക്കുകയും ചെയ്ത സംഘം 9.30ഓടെയാണ് മടങ്ങിയത്. താമരശ്ശേരി ഡി.വൈ.എസ്.പി പി.സി സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആയുധധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം പതിവായത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.